മൊബൈല്‍ കോളുകള്‍ക്കും ഡേറ്റാ സേവനത്തിനും ഡിസംബര്‍ മൂന്ന് മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് വൊഡാഫോണ്‍-ഐഡിയ വ്യക്തമാക്കി. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക. 2, 28, 84, 365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയെന്ന് ടെലികോം ഓപ്പറേറ്റര്‍ ഞായറാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.
സപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടതിയുടെ നഷ്ടമാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് സംഭവിച്ചത്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണിതെന്നും വൊഡാഫോണ്‍ വ്യക്തമാക്കി. എയര്‍ടെല്ലിന് ഇക്കാലയളവില്‍ 23,045 കോടി രൂപയുടെ നഷ്ടമാണു സംഭവിച്ചത്.
ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ കണക്കാക്കി അധിക സ്‌പെക്ട്രം ഉപയോഗ ഫീസ് നല്‍കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഇരുകമ്പനികളും കഴിഞ്ഞ പാദത്തില്‍ റെക്കോഡ് നഷ്ടം കുറിച്ചത്. 28,450 കോടി രൂപയാണ് എജിആര്‍ ബാധ്യത തീര്‍ക്കാനായി എയര്‍ടെല്‍ വകയിരുത്തിയത്. 33,010 കോടി രൂപയാണ് വൊഡാഫോണ്‍-ഐഡിയയുടെ ബാധ്യത.
ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.


