എടപ്പാൾ: സ്വകാര്യ ആശുപത്രി അത്യാഹിത വിഭാഗത്തിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. വട്ടംകുളം സ്വദേശികളായ ലിയാഖത്ത് (47), ഭാര്യ സുഹ്റ (39) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. മാറഞ്ചേരി വടമുക്ക് സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
മൃതദേഹത്തിൽ നിന്ന് മൂന്നര പവന്റെ വള നഷ്ടപ്പെട്ടതായി ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ സിസിടിവി പരിശോധിച്ചു. മൃതദേഹത്തിനു സമീപം ബന്ധുക്കൾക്ക് ഒപ്പമുണ്ടായിരുന്ന അജ്ഞാത ദമ്പതികളാണ് മോഷണം നടത്തിയതെന്നു കണ്ടെത്തി. മരണ വിവരം വീട്ടിൽ അറിയിക്കാൻ ബന്ധുക്കളിൽ ഒരാൾ ലിയാഖത്തിന്റെ ഫോൺ വാങ്ങി ഉപയോഗിച്ചിരുന്നു. ഈ നമ്പർ ഉപയോഗിച്ച് ദമ്പതികളുടെ സ്ഥലം കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. എസ്ഐ ടി.ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ മധു, അരുൺ, സനോജ്, സനൽ, സുധാകരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


