കൃഷിയിടത്തോട് ചേർന്ന് വനാതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
by:
മൻസൂർ എടക്കര
December 08, 2019
വഴിക്കടവ്: വഴിക്കടവ് പൂവ്വത്തിപ്പൊയിലിൽ കൃഷിയിടത്തോട് ചേർന്ന് വനാതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.20 വയസ്സ് പ്രായമുള്ള പിടിയാനയാണ്. കൃഷിയിടത്തിനും വനാതിർത്തിക്കും ഇടയിലൂടെ ഒഴുകുന്ന തോടിനു സമീപം ഇന്നലെ രാവിലെയാണ് ജഡം കണ്ടത്.വഴിക്കടവ് മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഡി.രാമചന്ദ്രൻ പോസ്റ്റ്മോർട്ടം നടത്തി. ആന ചരിയാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. വഴിക്കടവ് വനം റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.മുഹമ്മദ് നിഷാലിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയിരുന്നു.