മൂന്നുവര്‍ഷം കൊണ്ട് ഹറം വികസന ജോലികള്‍ പൂര്‍ത്തിയാകുമെന്ന് ഇരുഹറം കാര്യാലയം മേധാവി


മക്ക: മൂന്നുവര്‍ഷം കൊണ്ട് മക്ക ഹറം വികസന ജോലികള്‍ പൂര്‍ത്തിയാകുമെന്ന്  ഇരുഹറം കാര്യാലയം മേധാവി. വികസനം പൂർത്തിയാകുന്നതോടെ 19 ലക്ഷത്തോളം വിശ്വാസികൾക്ക് ഒരേ സമയം ഹറമിൽ നമസ്കാരം നിർവ്വഹിക്കാനാകും.

വിശുദ്ധ മസ്ജിദുല്‍ ഹറാമിന്റെ നടപ്പുവികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹിജ്റ വര്ഷം 1444ല്‍ (2022-23) വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഇരു ഹറം ഉന്നതാധികാര അതോറിറ്റി അറിയിച്ചു. കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലമായ മതാഫ് വികസിപ്പിക്കുന്ന ജോലിയും കിങ് അബ്ദുള്ള മൂന്നാം വികസന പദ്ധതിയായ ശാമിയ പദ്ധതിയും ഈ സമയത്തിനുള്ളില്‍തന്നെ പൂര്‍ത്തിയാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. മതാഫ് വികസന ജോലിയും ശാമിയ പദ്ധതിയും കൃത്യസമയത്ത് പൂര്‍ത്തിയാകും. 2023-ല്‍ തന്നെ ജോലികള്‍ പൂര്‍ത്തിയാക്കുവാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

നിലവില്‍ വികസന പ്രവര്‍ത്തനത്തിന്റെ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പ്ലാസ്റ്ററിങ് ജോലികളും ഫിനിഷിങ് ജോലികളും മാത്രമാണ് അവശേഷിക്കുന്നത്.കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ്, ബാബ് അജ്‌യാദ്, മേല്‍ തട്ട്, ഇലക്ട്രോ മെക്കാനിക്കല്‍ ജോലികൾ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വികസന പ്രവര്‍ത്തനങ്ങള്‍. ടോയ്‌ലറ്റുകള്‍, ഫയര്‍പ്ലേസുകള്‍, എസ്‌കലേറ്ററുകള്‍, എലിവേറ്ററുകള്‍, ശബ്ദ-നിരീക്ഷണ ക്യാമറകള്‍, ശീതീകരണ സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.

 2023 വര്‍ഷത്തോടെ ജോലികളെല്ലാം പൂര്‍ത്തിയാക്കുമെന്ന് ഇരു ഹറമിലെയും എന്‍ജിനീയറിങ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ അമ്മാര്‍ അഹ്മദി വ്യക്തമാക്കി. ലക്ഷക്കണക്കായ തീര്‍ത്ഥാടകര്‍ക്ക് ഒരു പ്രയാസവും സൃഷ്ടിക്കാതെയാണ് ജോലികള്‍ നിര്‍ത്തിവെക്കാതെ പ്രവൃത്തികള്‍ മുന്നേറുന്നതെന്നും അമ്മാര്‍ അഹ്മദി പറഞ്ഞു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !