പെരിന്തൽമണ്ണ: പ്രണയിച്ച് വിവാഹിതയാകാൻ ശ്രമിച്ചതിന് പിതാവടക്കമുള്ള ബന്ധുക്കൾ യുവതിയെ മാനസിക ചികിത്സാ കേന്ദ്രത്തിലാക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം. യുവതിയുടെ പിതാവും സഹോദരനും ബന്ധുവും കേസിൽ പ്രതികളാണ്. കൂടുതൽപേർ ഉൾപ്പെട്ടതായും വിവരമുണ്ട്. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. പെരിന്തൽമണ്ണ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.
നവംബർ അഞ്ചിന് രാത്രി 12ന് ബലമായി മരുന്ന് കുത്തിവച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് യുവതി മൊഴിനൽകി. രണ്ട് ദിവസം കഴിഞ്ഞാണ് ബോധംവന്നത്. ആദ്യം തൊടുപുഴക്കടുത്തുള്ള മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളത്തിനടുത്തുള്ള കേന്ദ്രത്തിലുമായി 32 ദിവസം തടങ്കലിൽ പാർപ്പിച്ചുവെന്നാണ് പരാതി. യുവതിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്താനായിരുന്നു വീട്ടുകാരുടെ ശ്രമം. ബിഡിഎസ് നാലാം വർഷ വിദ്യാർഥിയായ യുവതി ഏഴുവർഷമായി തൃശൂർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന് സാമ്പത്തികശേഷി ഇല്ലെന്ന് പറഞ്ഞ് വീട്ടുകാർ വിവാഹത്തിന് അനുവദിച്ചില്ല. ഇരുവരും ഒരുമിച്ച് താമസിക്കുകയും സ്‌പെഷൽ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ അപേക്ഷിക്കുകയുംചെയ്‌തിരുന്നു.
ഈ സമയത്താണ് പിതാവ് വിവാഹം നടത്തിത്തരാമെന്ന് വാഗ്ദാനം നൽകി നവംബർ മൂന്നിന് ചെറുകരയിലെ വീട്ടിലേക്ക് കൊണ്ടുവന്നതും അടുത്ത ദിവസം മാനസിക ചികിത്സാകേന്ദ്രത്തിലേക്ക് ബലമായി കൊണ്ടുപോയതും. യുവതിയെക്കുറിച്ച് വിവരമില്ലാത്തതിനാൽ യുവാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. കോടതി ഉത്തരവിട്ടിട്ടും യുവതിയെ കുടുംബം ഹാജരാക്കിയില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാനസികരോഗ ചികിത്സാ കേന്ദ്രത്തിൽ കണ്ടെത്തിയത്


