എടക്കര: പച്ചക്കറി ലോഡിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ഇരുപത് ലക്ഷം രൂപയുടെ ഹാൻസ് വഴിക്കടവിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ മണ്ണാർക്കാട് ശ്രീകൃഷ്ണപുരം കുണ്ടൂർകുന്ന് സ്വദേശി ഉറയക്കാടൻ നൗഷാദലി(34) യെ അറസ്റ്റ് ചെയ്തു. വഴിക്കടവ് എക്സൈസ് ചെക്കുപോസ്റ്റിലാണ് നിരോധിത പാൻമസാലയുടെ വൻ ശേഖരം പിടികൂടിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
മൈസൂരിൽനിന്നും പച്ചക്കറി ലോഡുമായെത്തിയ ബോലേറോ പിക്ക് അപ് വാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് ശേഖരം. ഇരുപത്തിരണ്ട് ചാക്കുകളിലായി 66000 പായ്ക്കുകളാണ് ഉണ്ടായിരുന്നത്. മൈസൂരിൽ നിന്നുമാണ് ഹാൻസ് കയറ്റിയതെന്നും, കരിങ്കല്ലത്താണിയിലുള്ള ഫൈസൽ എന്നയാൾക്ക് വേണ്ടിയാണ് ഹാൻസ് കൊണ്ടുവന്നതെന്നും പിടിയിലായ നൗഷാദലി മൊഴി നൽകിയിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ കെ.ടി.സജിമോൻ, പ്രിവന്റീവ് ഓഫീസർ ആർ.പി.സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.എസ്.സജയകുമാർ, വി.പി.പ്രമോദ്, സബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് നിരോധിത പാൻമസാല പിടികൂടിയത്.


