മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് (02-04-2020)

0


സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ കാസര്‍കോട് ജില്ല, അഞ്ചുപേര്‍ ഇടുക്കി, രണ്ടുപേര്‍ കൊല്ലം.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതം.

ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

1,65,934 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7622 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് പോസിറ്റീവായവരുള്‍പ്പെടെ ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കംമൂലം വൈറസ് ബാധിച്ചവര്‍ 76. ഇതിനുപുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്. ഒരാള്‍ ഗുജറാത്തില്‍നിന്ന് എത്തിയതാണ്. ഇതുവരെ നെഗറ്റീവ് ആയവര്‍ 28 (ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുടെ റിസള്‍ട്ട് നെഗറ്റീവായി). രോഗം ഭേദമായവരില്‍ അതില്‍ നാല് വിദേശികളുണ്ട്.

പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ്

ഇന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിച്ചു. കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റ് ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

രോഗസാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ ഒരുക്കണം. ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.

കൊറോണ അല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കണം. ഇതിനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം.

സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതില്‍ പക്ഷപാത നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം.

കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നല്‍കണം. കൂടുതല്‍ ടെസ്റ്റിങ് സെന്‍ററുകള്‍ക്ക് അനുവാദം വേണ്ടതിന്‍റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതിന്‍റെ വിശദാംശവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകള്‍ ഹോങ്കോങ്ങില്‍നിന്ന് ദൈനംദിനം വിമാനമാര്‍ഗം കൊണ്ടുവരേണ്ടതുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു.

എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ചേര്‍ത്ത് നമ്മുടെ സന്നദ്ധ പ്രവര്‍ത്തനം വിപുലീകരിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വിട്ടുപോയവരെയും അതില്‍ ഉള്‍പ്പെടുത്തും.

കോവിഡ് പ്രത്യേക ആശുപത്രികള്‍ തുടങ്ങാന്‍ വലിയ മൂലധനം ആവശ്യമായി വരുന്നു. അതിനുള്ള തുക ദുരന്ത നിവാരണ നിധിയില്‍നിന്ന് ഉപയോഗിക്കാന്‍ അനുവാദം നല്‍കണം.

സംസ്ഥാനത്തിന്‍റെ വായ്പാപരിധി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചു.

എന്‍ജിഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ക്രൈസിസ് മാനേജ്മെന്‍റ് ഗ്രൂപ്പ് ഉണ്ടാക്കും.  

ട്രക്ക് ഓണ്‍ലൈന്‍ പൂളിങ് നടത്തി വിളകള്‍ കമ്പോളത്തില്‍ എത്തിക്കും.

എസ്ഡിആര്‍എഫ് സംസ്ഥാന വിഹിതമായി നമുക്ക് 157 കോടി രൂപ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹോട്ട് സ്പോട്ടുകള്‍ എന്ന് തരംതിരിക്കപ്പെട്ട ജില്ലകളില്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നിവ ഉണ്ട്.  നമ്മള്‍ അതീവ ജാഗ്രത കാണിക്കേണ്ട ആവശ്യകതയാണ് ഇത് എടുത്തു കാണിക്കുന്നത്.

ലോക്ക്ഡൗണ്‍ എങ്ങിനെ ക്രമേണ ഒഴിവാക്കണമെന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ വിദഗ്ദ്ധരുടെ ടാസ്ക്ഫോഴ്സ് രൂപീകരിച്ച് മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി ഉപസംഹാര പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ഏകീകൃത മാനദണ്ഡമുണ്ടാകാനാണ് ഇത്.  

രോഗികളുടെ എണ്ണത്തില്‍ മുന്‍പിലാണെങ്കിലും കേരളത്തില്‍ മരണനിരക്ക് കുറവാണ് എന്നത് ശ്രദ്ധേയമാണെന്ന് ആമുഖ സംഭാഷണത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു.  

മുന്നറിയിപ്പ്

രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അത്തരക്കാര്‍ ദിശ നമ്പരിലേക്ക് വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി അവര്‍ ഇടപഴകാന്‍ പാടില്ല. സമൂഹവ്യാപനം തടയാന്‍ ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് ഇത്.

പോത്തന്‍കോട്ടെ സംഭവം

ശക്തമായ നിയന്ത്രണങ്ങള്‍ അവിടെയുണ്ട്. എന്നാല്‍, അത് ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് പോകരുത്. ഒരു കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ പാടില്ല. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തെ അകറ്റിനിര്‍ത്തുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സമൂഹത്തിലും ശ്രദ്ധയുണ്ടാകണം. അവിടെ ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കരുതലുകളില്ലാതെ ആളുകളുമായി ഇടകലര്‍ന്ന് ഓടിനടക്കുന്നു എന്നാണ് പറയുന്നത്. ആരും വൈറസ് ഭീഷണിക്കതീതരല്ല. കൃത്യമായ ബോധവല്‍ക്കരണവും നിയന്ത്രണവും അവിടെ ഉണ്ടാകണം.

ട്രക്കുകള്‍

സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന ലോറികളുടെ നീക്കം നടക്കുന്നുണ്ട്. എന്നാലും ശരാശരിയില്‍ താഴെയാണ് അത്. അരിയുമായി ഇന്ന് 130 ട്രക്കുകളാണ് വന്നിട്ടുള്ളത്. ആകെ 1721 ട്രക്കുകള്‍ വന്നു. പച്ചക്കറികളുമായി 331 ലോറികളെത്തി. ഫെബ്രുവരി മാസത്തില്‍ ശരാശരി 2560 ട്രക്കുകള്‍ വന്നിടത്താണ് ഇത്. ചില സാധനങ്ങള്‍ ചില ദിവസങ്ങളില്‍ വരുന്നതില്‍ നിയന്ത്രണങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. അതിന്‍റെ ഭാഗമായികൂടിയാണ് ഇതെന്ന് കേള്‍ക്കുന്നുണ്ട്.

സര്‍വീസ് പെന്‍ഷന്‍ വിതരണത്തിന്‍റെ ആദ്യ ദിവസമാണ് ഇന്ന്. ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലപ്രദമായിരുന്നു. വലിയ തിരക്കും പരാതിയുമില്ലാതെ ആദ്യദിവസം പെന്‍ഷന്‍ വിതരണം നിര്‍വഹിക്കാന്‍ കഴിഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്‍റെ ഒന്നാം ഗഡു 1646.28 കോടി രൂപ അനുവദിച്ചു. ഈ തുകയില്‍നിന്ന് കൊറോണ പ്രതിരോധ-പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാവുന്നതാണ്.

1325 കമ്യൂണിറ്റി കിച്ചനുകളില്‍നിന്ന് 2,88,069 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 2,63,423 പേര്‍ക്ക് സൗജന്യമായിട്ടാണ് നല്‍കിയത്.

റേഷന്‍

28.36 ലക്ഷം ആളുകള്‍ രണ്ടുദിവസം കൊണ്ട് വാങ്ങി. ഇന്നുമാത്രം 13.61 ലക്ഷം പേരാണ് റേഷന്‍ വാങ്ങിയത്. ബില്ലിങ്ങിന്‍റെ വേഗതക്കുറവ്, സുരക്ഷാ ക്രമീകരണമില്ലായ്മ, മണ്ണെണ്ണക്ഷാമം എന്നിങ്ങനെയുള്ള പരാതികള്‍ റേഷന്‍ രംഗത്തുനിന്ന് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഗൗരവമായി ഇടപെടും. വയനാട് ആദിവാസി മേഖലയില്‍ റേഷന്‍ വാങ്ങാനെത്തുന്നവര്‍ മുഴുവന്‍ സാധനങ്ങളും വാങ്ങിയതായി കൃത്രിമ രേഖയുണ്ടാക്കുന്നു എന്നാണ് ഒരു ആക്ഷേപം. ഒറ്റപ്പെട്ട സംഭവമായിരിക്കാം. അത് പ്രത്യേകം ശ്രദ്ധിക്കും.

സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുന്നുണ്ട്.

ആശുപത്രികള്‍ക്കു പുറമെ ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകള്‍, ഹോസ്റ്റലുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവിടങ്ങളില്‍ ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികള്‍ക്കു പുറമെ അടിയന്തര സാഹചര്യം വന്നാല്‍ ഒരുക്കാനാണ് ഇത്.

സംസ്ഥാനത്ത് എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് ഇതുവരെ 1663 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ ഘട്ടത്തില്‍ കൊറോണ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് എല്ലാവരും. എന്നാല്‍, ആ തിരക്കില്‍ മറ്റ് രോഗങ്ങളെയും രോഗപകര്‍ച്ചയെയും കാണാതിരിക്കരുത്. സിക്ക വൈറസ്, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പരിസര ശുചീകരണവും ആവശ്യമായ കരുതലും ഒരു കാരണവശാലും ഇല്ലാതാവരുത്. പരിസരങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം.

സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍-കുട്ടികള്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ നേരിട്ടും സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 33,000 അന്തേവാസികളുണ്ട്. ഇവയില്‍ പലതും പ്രവര്‍ത്തിച്ചു പോകുന്നത് നാട്ടില്‍ നിന്ന് ലഭിക്കുന്ന സംഭാവന കൂടി അടിസ്ഥാനമാക്കിയായിരുന്നു. ഉദാരമതികള്‍ വലിയ സംഭാവനയാണ് ചെയ്തുകൊണ്ടിരുന്നത്. കൊറോണയുടെ ഭാഗമായി നിയന്ത്രണം വന്നപ്പോള്‍ ഇവിടങ്ങളില്‍ ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കാതെ വന്നിട്ടുണ്ട്. ചില സ്ഥാപനങ്ങളില്‍ സ്റ്റോക്ക് തീരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളില്‍ മരുന്നിന് ദൗര്‍ലഭ്യമാണെന്നും കേള്‍ക്കുന്നു. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളെ ചുമതലപ്പെടുത്തി.  സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും മരുന്നും ഇവര്‍ക്ക് ലഭ്യമാക്കും. സിവില്‍ സപ്ലൈസ്, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുതലായ സ്ഥാപനങ്ങളെ ഇതിന് പ്രയോജനപ്പെടുത്തും.

മാലിന്യനിര്‍മാര്‍ജനം

ഗതാഗതം പരിമിതപ്പെട്ട നിലയില്‍ ഉറവിട മാലിന്യ സംസ്കരണത്തിന്‍റെ പ്രസക്തി വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കുകയും ഏകോപിപ്പിക്കുകയും വേണം.

നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് ആയിരം രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

കശുവണ്ടി സംഭരിച്ച് സഹകരണ സംഘങ്ങളില്‍ സൂക്ഷിക്കുമ്പോള്‍  ഉണക്കി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാപ്പക്സും കശുവണ്ടി വികസന കോര്‍പ്പറേഷനും കശുവണ്ടി ഏറ്റെടുക്കും.

കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ തടസ്സമില്ലാതെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീടുകള്‍ അണുമുക്തമാക്കാനെന്ന പേരില്‍ ലോറിയില്‍ വെള്ളവുമായി ചിലര്‍ കറങ്ങുന്നുണ്ട്. വീടുകളുടെ മതിലിലും ഗെയിറ്റിലും ലായനി തളിക്കുന്നു. ഇത് അണുവിമുക്ത ലായനിയാണോ എന്നൊന്നും ഉറപ്പില്ല. ബാനറും കൊടിയും നിറവും വെച്ചുള്ള പ്രചാരണപരമായ ഇത്തരം ഏര്‍പ്പാടുകള്‍ ഒഴിവാക്കണം.

പലയിടങ്ങളിലും കുടിവെള്ളക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അക്കാര്യത്തില്‍ ജലവിഭവവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണം.

ഗ്രാമപ്രദേശങ്ങളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുലഭ്യത ഉറപ്പാക്കും.

കോഴിത്തീറ്റയുടെ വരവ് നിലച്ചതോടെ ഫാമുകള്‍ പ്രതിസന്ധിയിലാണെന്ന് വിവരമുണ്ട്. ഇന്ന് 31 ലോഡ് വന്നിട്ടുണ്ട്. ആവശ്യത്തിന് തീറ്റ വിതരണം ചെയ്യാനുള്ള ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞതിനാല്‍ 11 നഴ്സുമാരെ പിരിച്ചുവിട്ടതായി പരാതി വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടും. പിരിച്ചുവിടല്‍ ഒരു കാരണവശാലും അനുവദിക്കില്ല.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നല്ല ക്രമീകരണം ഫിഷറീസ് വകുപ്പ് മന്ത്രി ഇടപെട്ട് വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തീരദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടാതെ നോക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണം.

അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട വനിതാ ജീവനക്കാരെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടിട്ട് തിരികെ പോകുന്ന കുടുംബാംഗങ്ങളെ പൊലീസ് തടയുന്നു എന്നതാണ് ശ്രദ്ധയില്‍പ്പെട്ട ഒരു പരാതി. പോലീസ് തടയുന്നതില്‍ പ്രത്യേകമായി പ്രശ്നങ്ങള്‍ ഒന്നുമില്ല. പക്ഷേ പരിശോധിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ തടസ്സമില്ലാതെ പോകാന്‍ അനുവദിക്കുന്ന നിലയുണ്ടാകണം.

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കഴിക്കേണ്ട ഗുളിക എന്ന നിലയില്‍ ഒരു ശബ്ദ സന്ദേശം ഡോക്ടറുടേത് എന്ന രീതിയില്‍ പ്രചരിക്കുന്നു. കൊവിഡ് പ്രതിരോധം സംബന്ധിച്ച് വ്യാജ മൊബൈല്‍ ആപ്പുകള്‍ ഉണ്ടാകുന്നു. കാസര്‍കോട് അതിര്‍ത്തി തുറന്നു എന്ന് ഒരു മാധ്യമം  വാര്‍ത്ത നല്‍കി. അതിന്‍റെ പേരില്‍ നിരവധി ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ട് അതിര്‍ത്തിയിലെത്തി. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഔചിത്യപൂര്‍ണമായ ജാഗ്രത പാലിക്കണം. സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പ്രചരണം തടയാന്‍ പൊലീസ് ഇടപെടല്‍ ശക്തിപ്പെടുത്തും.

കാസര്‍കോട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യതയുണ്ടോ എന്ന് ആശങ്ക ഉണ്ട്. രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിട്ടാണ് അവിടെനിന്നുള്ള വിവരം. ആ മാധ്യമപ്രവര്‍ത്തകരും അവരുമായി ബന്ധപ്പെട്ട മറ്റു മാധ്യമ സുഹൃത്തുക്കളും സാങ്കേതിക പ്രവര്‍ത്തകരും ശ്രദ്ധിച്ച് കാര്യങ്ങള്‍ നീക്കേണ്ടതായിട്ടുണ്ട്. ആവശ്യമായ ഗൗരവം  ഇക്കാര്യത്തില്‍ കാണിക്കണം.

സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് നമ്മുടെ 45 ലക്ഷം കുട്ടികള്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേകമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ കൈറ്റിന്‍റെയും  എസ്സിആര്‍ടിയുടെയും   നേതൃത്വത്തില്‍ 'സമഗ്ര' പോര്‍ട്ടലില്‍ 'അവധിക്കാല സന്തോഷങ്ങള്‍' എന്ന പേരില്‍ പ്രത്യേക ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് വ്യാപകമായി പ്രയോജനപ്പെടുത്തണം.

കോഴിക്കോട് എന്‍ഐടി പൂര്‍വ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള കോഴ്സ് സൗജന്യമായി ചെയ്യാന്‍ തുടങ്ങി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി റെസീപ്റ്റ് അയച്ചുകൊടുക്കുന്നവര്‍ക്കാണ് സൗജന്യമായി കോഴ്സില്‍ ചേരാനാവുക. ഇത് നല്ല ഒരു മുന്‍കൈയാണ്.

കമ്യൂണിറ്റി കിച്ചനുകളിലായാലും റേഷന്‍ കടകളിലായാലും മറ്റ് എവിടെയായാലും അവശ്യംവേണ്ട ശാരീരിക അകലം പാലിച്ചേ മതിയാകൂ. അങ്ങനെയല്ല എന്ന് പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന പല ചിത്രങ്ങളിലും തെളിയുന്നുണ്ട്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പൊതുപ്രവര്‍ത്തകര്‍ കൂടിയാണ്. കമ്യൂണിറ്റി കിച്ചനുകളില്‍ വിവിധ സംഘടനകള്‍ ഇടപെട്ട് ഭക്ഷണവിതരണത്തിന് മത്സരിക്കുന്ന ഏര്‍പ്പാടും ഒഴിവാക്കണം.

സഹായം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പ്രാഥമിക സഹായമായി 65 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടുകള്‍ കോവിഡ് ഐസൊലേഷനായി വിട്ടുനല്‍കാം എന്ന് ട്രസ്റ്റ് അറിയിച്ചു.

കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് ചരക്കുനീക്കവും രോഗികളുടെ സഞ്ചാരവും ഉറപ്പാക്കുന്നതിന് ഇടപെടാമെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

നിസാമുദ്ദീൻ

ഡെല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ 157 പേരാണ് കേരളത്തില്‍നിന്ന് പങ്കെടുത്തത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ളവരുണ്ട്. ഇവരുടെ വിശദാംശം സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. രോഗം സംശയിക്കുന്ന ആളുകള്‍ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ചിലര്‍ ഡെല്‍ഹിയില്‍ തന്നെയാണുള്ളത്.

ദുരിതാശ്വാസനിധി

വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്‍റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം.എം. മണി ഏല്‍പിച്ചിട്ടുണ്ട്.

(അഞ്ചു ജില്ലകളിലെ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കെഎസ്ഇബി നേരത്തേ നല്‍കിയിരുന്നു)

കേരള പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒരുകോടി രൂപ സംഭാവന നല്‍കി.

കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നല്‍കി.

കൊല്ലം കോര്‍പ്പറേഷന്‍ ഒരുകോടി രൂപ നല്‍കി.

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം 50 ലക്ഷം രൂപ സംഭാവന നല്‍കി.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കി.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ.

ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിര്‍ദേശത്തെ ഐഎന്‍ടിയുസി സ്വാഗതം ചെയ്തിട്ടുണ്ട്.


ഇന്ന് ലഭിച്ചത് ആകെ: 32,01,71,627 രൂപ



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !