പ്രവാസികളെ മരണത്തിനെറിഞ്ഞു കൊടുത്ത്‌ നമ്മൾ സുരക്ഷിതരാണെന്ന് ഊറ്റം കൊള്ളുന്നത്‌ നന്ദികേടാണ്‌

0



കോവിഡ് 19 വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുൾപ്പെടെ മുസ്ലിം ലീഗ്‌ നേതാക്കൾ കഠിനമായ ശ്രമങ്ങൾ തുടരുകയാണ്‌. ഇന്ത്യയിലെ UAE എംബസി അംബാസിഡർ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാമെന്ന് ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാന കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയവർ നേരത്തെ തന്നെ ഇതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതാണ്‌. വേണ്ടത് ഇവിടെ വന്നിറങ്ങാനുള്ള അനുമതി മാത്രമാണ്. അതിന് തടസ്സം നിൽക്കുന്നത് കേന്ദ്രസർക്കാരാണ്. ഇപ്പോൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയില്ലെന്നാണ് സർകാർ നിലപാട്.സംസ്ഥാന സർക്കാർ കൊടുത്ത റിപ്പോർട്ടും സമയമായിട്ടില്ലെന്നാണ്‌.

ഒരു നാടിന്റെ നട്ടെല്ലായി കഴിഞ്ഞ അറുപത് കൊല്ലക്കാലം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പ്രവാസികൾ വന്നെത്തി നിൽക്കുന്ന ഒരു നിസ്സഹായവസ്ഥ ആശങ്കയുണർത്തുന്നതാണ്‌. മുൻ നിരയിൽ നിന്ന് സന്നദ്ധ പ്രവർത്തനം നടത്തുന്ന നേതാക്കൾ പോലും രോഗബാധിതരാവുന്ന ഭയാനകമായ സ്ഥിതിയുണ്ട്‌. അവരെ മാത്രം ആശ്രയിച്ചാണ്‌ പതിനായിരക്കണക്കിന്‌ മനുഷ്യരുടെ ജീവിതമുള്ളത്‌ . ഇനിയും നിങ്ങൾ ആർക്ക്‌ വേണ്ടിയാണ്‌ വൈകിപ്പിക്കുന്നത്‌.?
കേരളം മറ്റേത് സംസ്ഥാനം പോലെയും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണ്ടുകിടക്കുമ്പോഴാണ് അറബ് നാടുകളിലേക്കും ചില പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും കടൽ കടന്ന് പോവാൻ മലയാളികൾ നിശ്ചയിച്ചിറങ്ങിയത്. അരമുറുക്കിയും പട്ടിണികിടന്നും കഴിഞ്ഞിരുന്ന വറുതിയുടെ നാളുകൾ ആര് മറന്നാലും ഇപ്പോഴത്തെ മുതിർന്ന തലമുറയെങ്കിലും ഓർത്തുവെക്കുന്നുണ്ടാവും. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഭീകരമായ സാമൂഹിക വ്യത്യാസം നിലനിന്നിരുന്നു അക്കാലത്ത്‌. പണം മാത്രം സാമൂഹിക അധികാരം നിർണയിച്ച കാലമുണ്ടായിരുന്നു. ഒരു നേരത്തെ അന്നത്തിന് ഈ ഭൂപ്രഭുക്കളുടെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതിയായിരുന്നു സമൂഹത്തിലെ ഭൂരിപക്ഷത്തിനും. പകലന്തിയോളമുള്ള അധ്വാനത്തിന്റെ ഏക ലക്ഷ്യം അന്നന്നത്തെ ഭക്ഷണം മാത്രമായിരുന്നു. മിച്ചം പിടിക്കാൻ പോയിട്ട് ദിവസച്ചെലവിന് പോലും പണം തികയാത്ത ദുരിതകാലം നമ്മളൊന്നും മറന്ന് കാണില്ല.

അവിടെ നിന്നാണ് പ്രവാസം സാമൂഹിക വിപ്ലവം സൃഷ്ടിച്ചത്. ബോംബെയിൽ നിന്നും മദ്രാസിൽ നിന്നും കള്ളവണ്ടി പിടിച്ചും ഉരുവിൽ കയറിപ്പറ്റിയും ഭാഗ്യം തേടി കടൽ കടന്ന ഒരു പറ്റം മനുഷ്യരുടെ ഭാഗ്യപരീക്ഷണമാണ് പ്രവാസം.തിരികെ വന്നിട്ട് പാരമ്പര്യ ഭൂവുടമകൾ കൈവശം വെച്ചിരുന്ന ഭൂമിക്ക് വിലപറയാൻ ഇതേ തറവാട്ടു മുറ്റത്തേക്ക് ധൈര്യപൂർവ്വം പ്രവാസികൾ കയറിച്ചെന്നു. അത്രയ്ക്കും ഭാവനാപൂർണ്ണമായൊരു സാമൂഹിക വിപ്ലവം മലയാളക്കരയിൽ പിന്നെ നടന്നിട്ടുണ്ടോ എന്നറിയില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നേർത്തുവന്നു. പ്രവാസികളുടെ ഒന്നാം തലമുറക്ക് സാധിക്കാത്ത പല ഭൗതിക സാഹചര്യങ്ങളും വരുംതലമുറക്ക് അവർ വഴിയൊരുക്കി നൽകി. വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം തുടങ്ങി എല്ലാ സാമൂഹിക മേഖലകളിലും പ്രവാസികൾ മികച്ച പരിവർതനത്തിന് വഴിയൊരുക്കി. ചുരുക്കത്തിൽ മലയാളികൾ ഇന്നനുഭവിക്കുന്ന എല്ലാ തണലിലും ചുട്ടുപൊള്ളുന്നൊരു പ്രവാസിയുടെ മെയ്യും മനസുമുണ്ട്.

ആ പ്രവാസികൾ ഇപ്പോൾ പകച്ചു നിൽക്കുകയാണ്. കെ.എം.സി.സി യും മറ്റ് സന്നദ്ധ സംഘടനകളും ഈ ദുരന്തമുഖത്ത് ചെയ്ത് കൊണ്ടിരിക്കുന്ന സേവനങ്ങൾ അനിതരസാധാരണമാണ്. യു. എ. ഇ ഭരണകൂടത്തിന്റെ ഔദ്യോഗിക സഹകാരികളാണ് ഇന്ന് കെ.എം.സി.സി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എമിറേറ്റ്‌സും മലയാളക്കരയിലെ ഈ കൊച്ചു സംഘടനയും കൈകോർത്താണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലേബർ കാമ്പുകളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യർക്ക്‌ ഭക്ഷണം പാകം ചെയ്തും അല്ലാതെയും എത്തിക്കുക, ആവശ്യമായ മരുന്ന് സർക്കാരുമായി സഹകരിച്ച് വിതരണം ചെയ്യുക, അവശരായ രോഗികളെ സർക്കാർ ശ്രദ്ധയിൽപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിക്കുക തുടങ്ങി മാനസികമായും ശാരീരികമായും തകർന്ന് പോയവരെ കൂടിയുണ്ടെന്ന് നിരന്തരം ഓർമ്മിക്കുന്നുണ്ട് കെ.എം.സി.സി.
പ്രിയപ്പെട്ട സേവകരെ, നിങ്ങളിങ്ങനെ നിസ്വാർത്ഥരും നിഷ്‌കാമ കർമ്മികളുമായി ഒരാൾ മറ്റൊരാൾക്ക് താങ്ങായി നിൽക്കുമ്പോൾ നമ്മളെങ്ങനെ തോറ്റുപോവാനാണ്... ദുരന്തമുഖങ്ങളിൽ നമ്മൾക്ക് മാത്രം സാധ്യമാവുന്നൊരു ചേർത്തുനിർത്തൽ ഏറ്റവും അനിവാര്യ ഘട്ടത്തിൽ ഭംഗിയായി നിർവ്വഹിക്കുമ്പോൾ ഒരുമഹാമാരിക്കും നമ്മെ കവർന്നെടുക്കാനാവില്ല.

< ഒരിക്കൽകൂടി പറയട്ടെ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിങ് വിസക്ക് വന്ന് വലഞ്ഞുപോയവർ, രോഗികൾ, കുടുംബങ്ങൾ, കുട്ടികൾ തുടങ്ങിയ ആളുകളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ എത്രയും വേഗം നടപടിയുണ്ടാവണം. തിരികേവരുന്നവരെ നിരീക്ഷണ കാലയളവിൽ താമസിപ്പിക്കാൻ മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കെട്ടിടങ്ങൾ വിട്ടുനൽകാൻ സന്നദ്ധമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ച്‌ കഴിഞ്ഞു. ഇനിയും പല പ്രസ്ഥാനങ്ങളും ഈ വഴിയിൽ കടന്ന് വരികയും ചെയ്യും. അവരെ ഇവിടെയെത്തിക്കാൻ വിവിധ രാജ്യങ്ങൾ തയാറാണ്. അവരെ താമസിപ്പിക്കാനും ഭക്ഷണമെത്തിക്കാനും പരിചരിക്കാൻ യുവജനങ്ങൾ ഒരുക്കമാണ്‌. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്‌ സർക്കാർ നിർദ്ദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങളോടെ നമുക്കവരെ പരിചരിക്കാം. ഈ നാട്ടിലെ മനുഷ്യരുടെ സുരക്ഷ പോലെ തന്നെ പ്രധാനമാണ്‌ പ്രവാസി സഹോദരങ്ങളുടെ സുരക്ഷയും. അവരെ മരണത്തിനെറിഞ്ഞു കൊടുത്തു കൊണ്ട്‌ എന്ത്‌ സുരക്ഷയാണ്‌ നാം സൃഷ്ടിക്കുന്നത്‌. അതുകൊണ്ട്‌ അകാരണമായ പിടിവാശിവിട്ട് അവർക്ക് നാട്ടിലെത്താൻ കേന്ദ്ര-കേരള സർക്കാരുകൾ എത്രയും വേഗം നടപടി സ്വീകരിക്കണം. പ്രവാസികൾ കൂടി സുരക്ഷികരാകാതെ നമ്മൾ കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ സുരക്ഷ അർത്ഥശൂന്യമാണ്‌.

Najeeb Kanthapuram



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !