ജിദ്ദ: ആഗോളതലത്തില്‍ കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളില്‍നിന്ന് ഗുണപാഠമുള്‍ക്കൊണ്ട് മാനവികതയിലും വിവേകത്തിലുമൂന്നിയ പുതിയൊരു ലോകക്രമം സാധ്യമാക്കേണ്ടതുണ്ടെന്ന് പ്രശസ്ത ചിന്തകനും മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ.അബ്ദുറഹ്മാന്‍ പ്രസ്താവിച്ചു. ധൂര്‍ത്തും ദുര്‍വ്യയവും നിര്‍ത്തി ജീവിതശൈലിയില്‍ കാതലായ മാറ്റം വരുത്തി സാമ്പത്തിക അച്ചടക്കം പാലിക്കുകയും നാളെക്കുവേണ്ടി കരുതലോടെ ചെലവിടുകയും വേണമെന്ന് അദ്ദേഹം പ്രവാസികളെ ഉണര്‍ത്തി.
“വിവേകം പരിചയാകേണ്ട പരീക്ഷണകാലം” എന്ന വിഷയത്തില്‍ ജിദ്ദ ആസ്ഥാനമായ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച റമദാൻ ടോക്ക് രണ്ടാം സെഷൻ ഓണ്‍ലൈന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഒ.അബ്ദുറഹ്മാന്‍. രണ്ടാം ലോക യുദ്ധത്തിന് ശേഷം മാനവരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ്. സമ്പര്‍ക്കം പുലര്‍ത്തുന്നവരെക്കൂടി രോഗം കടന്നുപിടിക്കുന്നുവെന്നത് ഇതിന്റെ മാരകശേഷി മഹായുദ്ധത്തേക്കാള്‍ ഭീകരമാക്കുന്നു.
വികസിത, പരിഷ്‌കൃത രാജ്യങ്ങളായ അമേരിക്കയും യൂറോപ്പും റഷ്യയുമെല്ലാം വൈറസിന് മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ഇവയെ അപേക്ഷിച്ച് ഇന്ത്യയുടെ അവസ്ഥ അല്‍പം ഭേദമാണെന്ന് പറയാം. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കാനാണ് സാധ്യത. കോവിഡാനന്തര ലോക സമ്പദ് വ്യവസ്ഥ എന്തായിരിക്കുമെന്ന് പോലും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒന്നു മുതല്‍ രണ്ട് വരെ താഴ്ന്നേക്കുമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. ലോകത്തിലെ എഴുപത് ശതമാനം കമ്പനികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ആരോഗ്യരംഗം പരമ ദയനീയമാണ്. ജനങ്ങള്‍ക്ക് സമാധാനപരമായ ആരോഗ്യ ജീവിതം സാധ്യമാക്കുന്നതിന് പകരം യുദ്ധവികാരം ഊതിക്കത്തിച്ച് ആയുധങ്ങള്‍ക്കും യുദ്ധസന്നാഹങ്ങള്‍ക്കുംവേണ്ടി ബജറ്റിന്റെ നല്ലൊരു ഭാഗം വകയിരുത്തുമ്പോള്‍ ആരോഗ്യത്തിന് ഒരു ശതമാനം പോലും നീക്കിവെക്കുന്നില്ല. ആരോഗ്യരംഗത്തെ കേരള മോഡല്‍ ലോകത്തിനുതന്നെ മാതൃകയാണ്.
രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു.
അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടമായി, വരുമാനം നിലച്ചു. കടുത്ത പട്ടിണിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവരാണ് മഹാമാരിക്ക് ഉത്തരവാദികളെന്ന നിലയില്‍ സമ്പന്നര്‍ അവരെ അവഗണിക്കുന്നു. സാമൂഹ്യതലത്തിലും കോവിഡ് വലിയ വെല്ലുവിളിയുയര്‍ത്തുന്നു. കോവിഡിന്‍്റെ മറവില്‍ വംശീയ വിദ്വേഷവും മനുഷ്യാവകാശ ധ്വംസനങ്ങളും ശക്തിപ്പെടുന്നതായി ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി പറയുന്നു. മതന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും ദളിതരുമെല്ലാം ഇതിന്റെ ഇരകളാണ്. ചില കേന്ദ്രങ്ങളില്‍നിന്ന് വിദ്വേഷവും കാലുഷ്യവും അണപൊട്ടുന്നു. ന്യൂനപക്ഷങ്ങളോടു പ്രകോപനപരമായി സംവദിക്കുന്ന ചില മാധ്യമങ്ങള്‍ ഇതിന് വളമേകുന്നു
കൈകോര്‍ത്തുപിടിച്ച് മറ്റൊരു ദുരന്തത്തെക്കൂടി മറികടക്കാന്‍ കഴിയുമെന്ന് ഇരട്ട പ്രളയങ്ങള്‍ക്കുപിറകെ കോവിഡിന്റെ കാര്യത്തിലും കേരളം തെളിയിച്ചിരിക്കുന്നു. ജീവന്‍ തൃണവല്‍ഗണിച്ച് സഹജീവികളെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികളടക്കം നടത്തിയ ധീരോദാത്തമായ മാനുഷിക മാതൃക പ്രളയകാലത്ത് നാം കണ്ടതാണ്.
സര്‍ക്കാരും പൊതു സമൂഹവും നല്ല സഹകരണമാണ് കോവിഡിനെ തുരത്തുന്ന ശ്രമങ്ങളില്‍ കാഴ്ചവെക്കുന്നത്. അതിന്‍്റെ സല്‍ഫലമാണ് കമ്മ്യൂണിറ്റി കിച്ചനുകളും താല്‍കാലിക വാസത്തിന് പൊതുസ്ഥാപനങ്ങള്‍ വിട്ടുകൊടുത്തതുമെല്ലാം. ഇവയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്ലാഘനീയമാണ്. ഇത്തരം ക്രിയാത്മക വശങ്ങളെ പ്രോല്‍സാഹിപ്പിച്ചാല്‍ ഏത് പ്രശ്നത്തേയും മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അനേകായിരങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമായിരിക്കേ, വീടുകളിലിരുന്ന് തുടര്‍പഠനവും ജോലിയും സാധ്യമാണെന്ന് കോവിഡ് കാലം തെളിയിച്ചിരിക്കുന്നു. വിദ്യാഭ്യാസ ഉത്കര്‍ഷമാണ് രക്ഷാമാര്‍ഗം. അതിനുള്ള വഴികള്‍ തുറന്നുകിട്ടി. അത് വ്യാപകമായി ഉപയോഗപ്പെടുത്തണം. തരിശായ ഭൂമിയില്‍ കൃഷി ചെയ്യുകയും ജോലി നഷ്ടപ്പെട്ടവരെ വെച്ച് വ്യവസായ, കാര്‍ഷികമേഖലകളിലെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം.
കോവിഡ് വരെയും വിവാഹത്തിലടക്കം വന്‍ധൂര്‍ത്തും ധുര്‍വ്യയവുമായിരുന്നു. ഇങ്ങനെ നഷ്ടപ്പെടുത്തിയ പണമുണ്ടായിരുന്നുവെങ്കില്‍, സമ്പത്ത് കരുതലോടെ ചെലവഴിച്ചിരുന്നുവെങ്കില്‍ നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റിന് വരെ പ്രവാസികള്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. ചികിത്സക്കും ഭക്ഷണത്തിനും പ്രയാസപ്പെടുന്ന സാഹചര്യമുണ്ടാകില്ലായിരുന്നു. സാമ്പത്തിക അച്ചടക്കവും വരവും ചെലവും സംബന്ധിച്ച കൃത്യമായ കണക്കുമുണ്ടായിരിക്കണം. മനുഷ്യനെ നേരിന്റെ വഴിയില്‍ നടത്താന്‍ ബോധവത്കരിക്കുന്ന മാധ്യമങ്ങളെ കോവിഡിന്റെ വിനാശത്തില്‍നിന്ന് രക്ഷിക്കാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറോളം പേര്‍ സംബന്ധിച്ച സൂം സെഷനില്‍ ജി.ജി.ഐ. പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. ജി.ജി.ഐ രക്ഷാധികാരി ആലുങ്ങല്‍ മുഹമ്മദ്, സലീം മുല്ലവീട്ടില്‍ , അബ്ബാസ് ചെമ്പന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഇസ്ഹാഖ് പൂണ്ടോളി, സാദിഖലി തുവ്വൂര്‍, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി എന്നിവരടങ്ങിയ പാനല്‍ സംഗമം നിയന്ത്രിച്ചു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !