അശരണര്‍ക്ക് തുണയാകുക - ആലങ്കോട് ലീലാകൃഷ്ണന്‍

0

ജിദ്ദ: ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമായ കൊവിഡ്-19 മഹാമാരിയെ, ചകിതരാവാതെ ആത്മധൈര്യത്തോടെ നേരിടണമെന്നും ഇതിന്റെ കെടുതികള്‍ക്കിരയായ അശരണര്‍ക്കും നിര്‍ധനര്‍ക്കും തുണയായിനിന്ന് മാനവികതയുടെ ഉദാത്തമാതൃക കാഴ്ചവെക്കണമെന്നും പ്രശസ്ത കവിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. “നോവേറും നാളിലെ നോമ്പോര്‍മകള്‍” എന്ന വിഷയത്തില്‍ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച സൂം സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മനുഷ്യന്‍ ഇതുവരെയും ആര്‍ജിച്ച മുഴുവന്‍ പുരോഗതിയും കണ്ടുപിടിത്തങ്ങളും ശാസ്ത്രവിജ്ഞാനീയങ്ങളും സൂക്ഷ്മദര്‍ശിനിയില്‍ പോലും കാണാനാവാത്ത വൈറസിനുമുന്നില്‍ തോറ്റുപോയിരിക്കുന്നു. നാമിപ്പോള്‍ ശരിക്കും നിസ്സഹായാവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ മനസ്സ് ചഞ്ചലമായിപ്പോകാതെ ആത്മബലം വര്‍ധിപ്പിക്കുന്നതിന് മതഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യന് തുണയാവേണ്ടതുണ്ടെന്നും സഹജീവികള്‍ക്ക് താങ്ങാവലാണ് യഥാര്‍ഥ വിശ്വാസത്തിന്റെ തേട്ടമെന്നും ആലങ്കോട് ചൂണ്ടിക്കാട്ടി.

ഒരു മഹാശക്തി നമുക്ക് മേലെയുണ്ട് എന്ന് ഉറച്ചുവിശ്വസിക്കേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദൈവം അനാഥരും നിസ്സഹായരുമായവരോടൊപ്പമാണ്. ദുരിതകാലത്ത് ദൈവം നമുക്ക് തുണയ്ക്കുണ്ടാവും. മനുഷ്യന്‍ അവന്റെ പരിമിതികള്‍ വെളിപ്പെടുമ്പോള്‍, സര്‍വജ്ഞാനിയും സര്‍വശക്തനുമായ ദൈവത്തോട് കൂടുതലടുത്ത് പരീക്ഷണകാലത്തെ അതിജീവിക്കണം. ഇതിനേക്കാള്‍ വലിയ ദുര്‍ഘടഘട്ടങ്ങള്‍ മാനവരാശി വിജയകരമായി മറികടന്നിട്ടുണ്ട്. ഇപ്പോഴുള്ള പ്രയാസങ്ങളും നീങ്ങും. പ്രവാചകന്റെ ജീവിതം പരിശോധിച്ചാല്‍, ഇത്രയേറെ കൊടിയ യാതനയിലൂടെ കടന്നുപോയ മനുഷ്യന്‍ ഭൂമിയില്‍ വേറെയുണ്ടോയെന്ന് സംശയമാണ്. പക്ഷെ ഒരിക്കല്‍പോലും അദ്ദേഹം തന്റെ സ്വഭാവസ്ഥൈര്യം കൈവിടുകയുണ്ടായില്ല. മദീനയിലേക്കുള്ള പലായന (ഹിജ്‌റ) വേളയില്‍ ഥൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കവെ അടുത്ത അനുചരനായ അബൂബക്കറിന്റെ ആകുലതകള്‍ക്ക് പ്രവാചകന്‍ ആശ്വാസം പകര്‍ന്നത് മൂന്നാമതൊരാള്‍ കൂടെയുണ്ടെന്ന് പറഞ്ഞാണ്. ആ ശക്തി മൂന്നാമനല്ല, ഒന്നാമനാണ്. ആ ജഗദീശ്വരന്റെ കാരുണ്യം എല്ലാവരിലും ഒരുപോലെയാണ്. ആ പരമചൈതന്യം ജാതിമതരാജ്യമന്യേ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും എല്ലായിടത്തും കാരുണ്യം വര്‍ഷിക്കുന്നു. ശാസ്ത്രമോ ആചാരങ്ങളോ തുണക്കെത്താത്ത കൊവിഡ് കാലത്ത് പരമമായ സത്യം തുണക്കെത്തും. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവവും അല്ലാത്തവര്‍ക്ക് അപരസ്‌നേഹവുമായിരിക്കണം പ്രതിസന്ധികാലത്ത് തുണയാകേണ്ടത്.

മനുഷ്യന് ദൈവം തന്ന ഏറ്റവും വലിയ സാന്ത്വനമായ വാക്കിനെ വേദനയകറ്റുന്നതിന്, സമാശ്വാസമേകുന്നതിന് ഉപയോഗിക്കാന്‍ സാധിക്കണം. ഖുര്‍ആനിലെ വചനങ്ങളെയാണ് പ്രതിസന്ധിഘട്ടങ്ങളില്‍ ഓര്‍ക്കേണ്ടത്. പല സന്ദര്‍ഭങ്ങളില്‍ പലതരം പ്രതിന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഖുര്‍ആന്‍ അവതീര്‍ണമായിട്ടുണ്ട്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഖുര്‍ആനില്‍ ഉത്തരമുണ്ട്. മറ്റ് വേദഗ്രന്ഥങ്ങള്‍ക്കില്ലാത്ത സവിശേഷതയാണത്. ഖുര്‍ആനില്‍ ഉത്തരമില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് പ്രവാചകചര്യ ഉത്തരമേകുന്നു. മഹാമാരി ഉണ്ടാവുന്ന വേളയില്‍ ലോക്ഡൗണില്‍ കഴിയണമെന്ന ആദ്യനിര്‍ദേശം പ്രവാചകനില്‍നിന്നുണ്ടായത് ഇതിന്റെ ഉദാഹരണമാണ്.

ലോകത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചമായി ഹിറാഗുഹയില്‍നിന്ന് ഉയര്‍ന്ന “വായിക്കുക” എന്ന ആഹ്വാനം സ്വന്തത്തെയും പ്രപഞ്ചനാഥന്‍ തുറന്നുവെച്ചിരിക്കുന്ന പ്രപഞ്ചത്തെയും വായിക്കാനും വിശ്വാസികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും മക്കയിലേക്കുള്ള പാത, പ്രകാശത്തിന്റെയും സ്‌നേഹത്തിന്റെയും വിമോചനത്തിന്റെയും മാത്രമല്ല, പ്രതിസന്ധികാലത്തെ രക്ഷയുടെ കൂടി പാതയാണെന്നും, റിയാദില്‍നിന്ന് മക്കയുടെ 650 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ അനുഭവം അനുസ്മരിച്ച് ആലങ്കോട് ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍  സംബന്ധിച്ച സംഗമത്തില്‍ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി (കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി) മോഡറേറ്ററായിരുന്നു. യുക്തിചിന്തയും മതബോധവും ഒരുമിച്ചുകൊണ്ടുപോവുകയാണ് വേണ്ടതെന്ന് ചോദ്യങ്ങള്‍ക്കു മറുപടി പറയവെ, ആലങ്കോട് പറഞ്ഞു. യുക്തിയില്ലാത്ത ആത്മീയതയാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി മാറുന്നത്. ഭക്തിയിലൊരു യുക്തിയുണ്ട്. അത് വിനയത്തിന്റെയും വിവേകത്തിന്റെയും ഭാഷയാണ്.  

ഈ ഭൂമി എനിക്ക് മാത്രമല്ല, അനന്ത ജീവജാലങ്ങള്‍കള്‍ക്കുകൂടി അവകാശപ്പെട്ടതാണ്. മനുഷ്യന്റെ കടുംകൈകള്‍ ലോകത്തുണ്ടാക്കിത്തീര്‍ത്ത പുതിയ ദുരന്തങ്ങള്‍ക്ക് ജീവജാലങ്ങള്‍ പോലും ഇരയാവുന്നു. ഇതിനെതിരായ താക്കീതുകൂടിയായ കൊവിഡിന്റെ കാലത്ത് നദികളും വായുവും ശുദ്ധീകരിക്കപ്പെടുകയും നഗരങ്ങള്‍ മാലിന്യമുക്തമാവുകയും ഓസോണ്‍ പാളിയിലെ വിള്ളലടയുകയും മനുഷ്യന്‍ സ്വന്തം നിസ്സഹായത തിരിച്ചറിയുകയും പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഒന്നിച്ചുനില്‍ക്കുകയും ചെയ്തതടക്കമുള്ള സദ്ഫലങ്ങളും ആലങ്കോട് എടുത്തുകാട്ടി. കൊവിഡ് കാലത്തും വര്‍ഗീയത ഇളക്കിവിടുന്നവരെ പരാമര്‍ശിക്കവെ, തിന്മയുടെ ശക്തികളെ അവഗണിച്ചുകൊണ്ട് നന്മയുടെ വെളിച്ചം പരമാവധി പ്രസരിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കുട്ടിക്കാലത്തെ നോമ്പോര്‍മകളും പഴയ മാപ്പിളപ്പാട്ട് ഇശലുകളും ശ്ലോകങ്ങളും ആലങ്കോട് പങ്കുവെച്ചത് ശ്രോതാക്കള്‍ക്ക് ഹൃദ്യാനുഭവമായി.

ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. സാദിഖലി തുവ്വൂര്‍ പരിപാടി ഹോസ്റ്റ് ചെയ്തു. മുസാഫിര്‍, അഹമ്മദ് പാളയാട്ട്, ഷിബു തിരുവനന്തപുരം, അബ്ബാസ് ചെമ്പന്‍, മുല്ലവീട്ടില്‍ സലീം, ഗോപി നെടുങ്ങാടി, അഡ്വ. ശംസുദ്ദീന്‍, ഡോ. മുഹമ്മദ് കാവുങ്ങല്‍, നാസര്‍ വെളിയങ്കോട്, യു.എ. നസീര്‍ (ന്യൂയോര്‍ക്ക്), സബീന എം സാലി (റിയാദ്), അഡ്വ. എസ്. മമ്മു (തളിപ്പറമ്പ്), ഹാമിദ് ഹുസൈന്‍ (ദുബായ്), സി.എച്ച് ബഷീര്‍, എന്‍.എം ജമാലുദ്ദീന്‍, ഡോ. മുഹമ്മദ് ഫൈസല്‍, നാസര്‍ ഫറോക്ക്‌, അമീര്‍ ചെറുകോട്‌  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

ജിജിഐ ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു, മുസ്തഫ വാക്കാലൂര്‍, ജലീല്‍ കണ്ണമംഗലം, എ.എം. അബ്ദുല്ലക്കുട്ടി, അബ്ദുറഹ്മാന്‍ കാളമ്പ്രാട്ടില്‍, കബീര്‍ കൊണ്ടോട്ടി, നൗഫല്‍ പാലക്കോത്ത്, ഇബ്രാഹിം ശംനാട്, അരുവി മോങ്ങം, പി.എം മുര്‍തദ, എ.പി.എ. ഗഫൂര്‍, ഗഫൂര്‍ കൊണ്ടോട്ടി, അഷ്‌റഫ് പട്ടത്തില്‍, മുസ്തഫ പെരുവള്ളൂര്‍, മന്‍സൂര്‍ വണ്ടൂര്‍ എന്നിവര്‍ സംഘാടകരായിരുന്നു.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !