യൂറോ കപ്പ്: ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് ഫൈനലിൽ

0
യൂറോ കപ്പ്: ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് ഫൈനലിൽ | Euro Cup: Strong England beat Denmark in the final

അട്ടിമറി വീരന്മാരായ ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ട് ഡെന്മാർക്കിനെ കീഴടക്കിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ സ്കോർ ചെയ്തപ്പോൾ സിമോൺ കെയറിന്റെ സെൽഫ് ഗോളും ത്രീ ലയൺസിന് തുണയായി. ഡെന്മാർക്കിനായി മിക്കേൽ ഡംസ്ഗാർഡ് ആശ്വാസ ഗോൾ നേടി.

മത്സരത്തിൽ ആദ്യം ലീഡെടുത്തത് ഡെന്മാർക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനൽ ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ ത്രീ ലയൺസിനായി വിജയഗോൾ നേടി.

ഈ വിജയം ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിൽ വലിയ സ്ഥാനമാണ് നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 1996-ൽ സെമി ഫൈനലിലെത്തിയതായിരുന്നു ഇതിനുമുൻപുണ്ടായ വലിയ നേട്ടം.1966-ലെ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടുന്നത്. കലാശപ്പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി 12.30 നാണ് ഫൈനൽ നടക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം ടൂർണമെന്റിൽ അദ്ഭുതക്കുതിപ്പ് നടത്തിയ ഡെന്മാർക്ക് തലയുയർത്തിത്തന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പെർ ഷ്മൈക്കേൽ ആരാധകരുടെ മനം കവർന്ന പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസണോളം ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്.

ഡെന്മാർക്ക് ക്വാർട്ടർ ഫൈനലിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റമാണ് ടീമിൽ വരുത്തിയത്. ജേഡൻ സാഞ്ചോയ്ക്ക് പകരം ബുക്കായോ സാക്ക ആദ്യ ഇലവനിൽ ഇടം നേടി. ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും ഡെന്മാർക്ക് 3-4-3 ഫോർമേഷനിലുമാണ് കളിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. മനോഹരമായ പാസിങ് ഗെയിമാണ് ഇംഗ്ലണ്ട് ഡെന്മാർക്കിനെതിരേ കാഴ്ചവെച്ചത്. അഞ്ചാം മിനിട്ടിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഉജ്ജ്വലമായ ക്രോസിന് കാൽ വെച്ച് ഗോൾ നേടാൻ റഹിം സ്റ്റെർലിങ്ങിന് സാധിച്ചില്ല. 12-ാം മിനിട്ടിൽ രണ്ട് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് സ്റ്റെർലിങ് ബോക്സിനകത്തേക്ക് കയറിയെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ കാസ്പെർ ഷ്മൈക്കേൽ കൈയ്യിലൊതുക്കി.

15-ാം മിനിട്ടിലാണ് മത്സരത്തിലാദ്യമായി ഡെന്മാർക്ക് ഒരു മുന്നേറ്റം നടത്തിയത്. അതിന്റെ ഭാഗമായി ടീം ഒരു കോർണർ നേടിയെടുത്തു. പക്ഷേ കോർണർ കിക്ക് ഗോളവസരമാക്കി മാറ്റാൻ ഡെന്മാർക്കിന് സാധിച്ചില്ല. ആദ്യമിനിട്ടുകളിൽ തണുത്ത കളിയാണ് പുറത്തെടുത്തതെങ്കിലും പതിയേ ഡെന്മാർക്ക് മത്സരത്തിൽ പിടിമുറുക്കി.

25-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ ഡോൾബെർഗിന്റെ ലോങ്റേഞ്ചർ ഇംഗ്ലണ്ട് പോസ്റ്റിന് പുറത്തേക്ക് പോയി. ഒടുവിൽ 30-ാം മിനിട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ഇംഗ്ലീഷ് നിരയെ ഞെട്ടിച്ചുകൊണ്ട് ഡെന്മാർക്കാണ് മത്സരത്തിൽ ലീഡെടുത്തത്. തകർപ്പൻ ഫ്രീകിക്കിലൂടെ മിക്കേൽ ഡംസ്ഗാർഡാണ് ടീമിന് ലീഡ് നൽകിയത്.

ടൂർണമെന്റിൽ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ഗോൾ വഴങ്ങിയത്. 729 മിനിട്ടിനുശേഷമാണ് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് പന്ത് വലയിലെത്തുന്നത്. ഡംസ്ഗാർഡിന്റെ മികച്ച ഷോട്ട് തടയാൻ ശ്രമിച്ചെങ്കിലും പിക്ക്ഫോർഡിന് അത് സാധിച്ചില്ല. യൂറോ 2020-ലെ ആദ്യ ഫ്രീകിക്ക് ഗോളുമാണിത്.

ഗോൾ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണർന്നുകളിച്ചു. 37-ാം മിനിട്ടിൽ സ്റ്റെർലിങ്ങിന് ഓപ്പൺ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഷ്മൈക്കേൽ അവിശ്വസനീയമായി തട്ടിയകറ്റി. എന്നാൽ തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ഒരു ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു.

39-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഡെന്മാർക്ക് നായകൻ സിമോൺ കെയറിന്റെ സെൽഫ് ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. പന്തുമായി മുന്നേറിയ ബുക്കായോ സാക്ക ഡെന്മാർക്ക് താരങ്ങളെ മറികടന്ന് സ്റ്റെർലിങ്ങിനെ ലക്ഷ്യമാക്കി അളന്നുമുറിച്ചൊരു ക്രോസ് നൽകി. സ്റ്റെർലിങ്ങിന് മുൻപ് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കവേ കെയറിന്റെ കാലിൽ തട്ടി പന്ത് വലയിൽ കയറി. ഈ ഗോൾ വീണതോടെ വെംബ്ലി ആരാധകരുടെ കരഘോഷത്താൽ പൊട്ടിത്തെറിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡെന്മാർക്ക് ബോക്സിന് തൊട്ടുപുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അത് ഗോളവസരമാക്കി മാറ്റാൻ ത്രീ ലയൺസിന് സാധിച്ചില്ല.

51-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ കാസ്പെർ ഡോൾബെർഗിന്റെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായി ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ക്ഫോർഡ് തട്ടിയകറ്റി. 55-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ഹാരി മഗ്വയറിന്റെ ഗോളെന്നുറച്ച ഹെഡ്ഡർ ഗോൾകീപ്പർ ഷ്മൈക്കേൽ മികച്ച ഡൈവിലൂടെ തട്ടിയകറ്റി.

72-ാം മിനിട്ടിൽ മേസൺ മൗണ്ടെടുത്ത ഷോട്ട് പോസ്റ്റിലേക്ക് താണിറങ്ങി വന്നെങ്കിലും ഷ്മൈക്കേൽ അത് തട്ടിയകറ്റി. 80-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ കാൽവിൻ ഫിലിപ്സിന്റെ ലോങ്റേഞ്ചർ പോസ്റ്റൊഴിഞ്ഞ് പുറത്തേക്ക് പോയി. നിശ്ചിത സമയത്ത് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ 94-ാം മിനിട്ടിൽ ഹാരി കെയ്നിന്റെ പോസ്റ്റിലേക്കുള്ള ഷോട്ട് ഗോൾകീപ്പർ ഷ്മൈക്കേൽ തട്ടിയകറ്റി. 98-ാം മിനിട്ടിൽ ജാക്ക് ഗ്രീലിഷിന്റെ ലോങ്റേഞ്ചറും ഷ്മൈക്കേൽ തട്ടിയകറ്റി. എക്സ്ട്രാ ടൈമിലും ഇംഗ്ലീഷ് ആധിപത്യമാണ് ഗ്രൗണ്ടിൽ കണ്ടത്. ഡെന്മാർക്ക് പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തിയത്.

102-ാം മിനിട്ടിൽ ബോക്സിൽ വെച്ച് സ്റ്റെർലിങ്ങിനെ യോക്കിം മേയ് വീഴ്ത്തിയതിനേത്തുടർന്ന് ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. നായകൻ ഹാരി കെയ്നാണ് കിക്കെടുത്തത്. കെയ്നിന്റെ കിക്ക് ഷ്മൈക്കേൽ തട്ടി. പക്ഷേ പന്ത് വീണ്ടും കെയ്നിന്റെ കാലിലേക്കാണെത്തിയത്. ഷ്മൈക്കേലിനെ നിസ്സഹായനാക്കി കെയ്ൻ ഇംഗ്ലണ്ടിന് അതിനിർണായകമായ ലീഡ് സമ്മാനിച്ചു. കെയ്നിന്റെ യൂറോ കപ്പിലെ നാലാം ഗോളാണിത്.

ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനം ഒഴിവാക്കി ഡെന്മാർക്ക് ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു. എന്നാൽ ഡെന്മാർക്ക് മുന്നേറ്റങ്ങളെ ഇംഗ്ലീഷ് പ്രതിരോധനിര സമർഥമായി തന്നെ നേരിട്ടു. 113-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ ബ്രാത്ത്വെയ്റ്റിന്റെ മികച്ച ലോങ്റേഞ്ചർ ഗോൾകീപ്പർ പിക്ക്ഫോർഡ് തട്ടിയകറ്റി. വൈകാതെ ഡെന്മാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !