എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ഡോ.കെ .ടി.ജലീൽ വീണ്ടും രംഗത്ത്.
ചൊവ്വാഴ്ച വൈകീട്ട് AR നഗർ സർവീസ് സഹകരണ ബാങ്കിന് മുൻമ്പിൽ CPI(M) സംഘടിപ്പിച്ച റിലേ
ധർണ്ണാ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം
നിരവധി ആക്ഷേപങ്ങൾ ഉയർത്തി രംഗത്ത് വന്നിരിക്കുന്നത്.
പൂർണ്ണരൂപം
---------------------------
AR നഗർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പറയാനുള്ള എൻ്റെ യോഗ്യത ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഇവിടെ സ്ഥാപിച്ച ബോർഡിലെ പരാമർശങ്ങളോട് പ്രതികരിച്ച് കൊണ്ട് തുടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തെ പൊതുജീവിതത്തിനിടയിൽ പത്തുപൈസ ഒരാളിൽ നിന്നും ഞാൻ കൈക്കൂലിയായോ കമ്മീഷനായോ വാങ്ങിയിട്ടില്ല. ലീഗിൽ ആയിരുന്നപ്പോഴും അതിന് ശേഷവും അങ്ങിനെ ഒരു സംഭവം ഉണ്ടായി എന്ന് പടച്ചവനെ സാക്ഷിയാക്കി ആർക്കും പറയാൻ കഴിയില്ല എന്ന ഉറപ്പാണ് എന്നെ ഈ സമരപ്പന്തലിൽ എത്തിച്ചിരിക്കുന്നത്. ഏത് ഏജൻസികൾക്കും എൻ്റെയും കുടുംബത്തിൻ്റെയും സമ്പാദ്യങ്ങൾ പരിശോധിക്കാം. ഏതൊരാൾക്കും എനിക്കെതിരെ ഏത് ഏജൻസിക്കും പരാതി നൽകാം. പത്രപ്രവർത്തകരായ എൻ്റെ സുഹൃത്തുക്കൾക്കും അന്വേഷിക്കാം. പന്ത്രണ്ടര വർഷം കോളേജ് അദ്ധ്യാപകനും 15 കൊല്ലം എം.എൽ.എയും അതിൽ തന്നെ 5 കൊല്ലം മന്ത്രിയുമായ എൻ്റെ ട്രഷറി എക്കൗണ്ടിലെ ശേഷിപ്പ് കേവലം അൻപതിനായിരം രൂപയാണ്. ഇതിനു പുറമെ LIC യിൽ നിന്ന് എൻ്റെ SBI അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട 85,000/- രൂപയുമല്ലാതെ ഒരു നയാ പൈസ പോലും ഒരു ബാങ്കിലും എനിക്ക് നിക്ഷേപമില്ല. ഞങ്ങൾ താമസിക്കുന്ന 19.5 സെൻ്റ് സ്ഥലവും അതിൽ പണികഴിപ്പിച്ച ഒരു സാധാരണ വീടും 2018 മോഡൽ ഇന്നോവ കാറുമല്ലാതെ ഈ ഭൂമുഖത്ത് എവിടെയും മറ്റൊരു സമ്പാദ്യവും എൻ്റേതായിട്ടില്ല. ഖുർആൻ്റെ മറവിൽ സ്വർണ്ണ കള്ളക്കടത്ത് നടത്തിയെന്ന് എനിക്കെതിരെ ആരോപണമുയർന്നതിൻ്റെ വെളിച്ചത്തിൽ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികളാണ് തലങ്ങും വിലങ്ങും അന്വേഷിച്ചത്. ഒരു അണുമണിത്തൂക്കമെങ്കിലും വസ്തുത കണ്ടെത്താൻ അവർക്കായോ? ഒരു സാമ്പത്തിക തട്ടിപ്പോ വെട്ടിപ്പോ നടത്താതെ ഈ ലോകത്ത് നിന്ന് യാത്രയാകണം എന്ന് ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഈയുള്ളവൻ. ഒരു സർക്കാർ സ്ഥാപനം മെച്ചപ്പെടുത്തുക എന്ന സദുദ്ദേശത്തോടെ കേവലം ഒരു വർഷത്തേക്ക് മാത്രമായി നടത്തിയ ഒരു ഡെപ്യൂട്ടേഷൻ നിയമനത്തെ വക്രീകരിച്ച് രാഷ്ട്രീയ പക തീർത്തവർ ലോകായുക്തയെ സമീപിച്ച് എനിക്കെതിരെ വിധി സമ്പാദിച്ചു എന്നത് നേരാണ്. അതിനെതിരെ ഞാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിൻ്റെ വിധി വരട്ടെ. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്നു പറയും. നാടിനെ നടുക്കിയ ഒരു സാമ്പത്തിക തട്ടിപ്പിനെതിരെ ശബ്ദിക്കാനും സമരം ചെയ്യാനും 100% യോഗ്യതയുണ്ടെന്ന ഉത്തമ ബോദ്ധ്യത്തിൽ തന്നെയാണ് ഈ സമരം ഉൽഘാനം ചെയ്യാൻ ഞാൻ വന്നിരിക്കുന്നത്. സംശയമുള്ളവർക്ക് എനിക്കെതിരെ ഒന്നല്ല ആയിരം പരാതികൾ നൽകാം.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 300 കോടിയുടെ കള്ളപ്പണ ഇടപാടാണ് AR നഗർ സർവീസ് സഹകരണ ബാങ്കിൽ നടന്നിരിക്കുന്നത്. സഹകരണ വകുപ്പിൻ്റെ ഇൻസ്പെക്ഷൻ വിംഗാണ് ഈ ഭീകര സത്യം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ സഹകരണ റജിസ്ട്രാർക്ക് നൽകിയ ഇടക്കാല റിപ്പോർട്ടിൽ വ്യക്തമായി ഇവയെല്ലാം പറഞ്ഞിട്ടുണ്ട്. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണ്. ഒരാഴ്ച കൂടി കഴിയുന്നതോടെ പരിശോധന തീരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
*മോനു.സി എന്ന പേരിൽ വ്യാജ അക്കൗണ്ട് സഹകരണ വകുപ്പിലെ പരിശോധകർ കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് ഹരികുമാറാണ്. മേൽ അക്കൗണ്ടിലേക്ക് ബാങ്കിനു വരുമാനമായി ലഭിക്കേണ്ട തുകകൾ വരവ് വെച്ച് കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശാനുസരണം ഹരികുമാർ പിൻവലിക്കുകയാണ് ചെയ്യുന്നത്.
*അമ്മുശ്രീ എന്ന പേരിൽ മറ്റൊരു വ്യാജ അക്കൗണ്ടും AR നഗർ ബാങ്കിൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൃത്രിമമായി ഉണ്ടാക്കിയ വ്യാജ നിക്ഷേപകരുടെ മുഴുവൻ നിക്ഷേപത്തിൻ്റെയും പലിശത്തുകയാണ് ഈ അക്കൗണ്ടിൽ വരവ് വെക്കുന്നത്.
ഇത്തരം നിക്ഷേപകരുടെ നിക്ഷേപത്തിന്മേൽ വായ്പയെടുത്ത് ഇതേ അക്കൗണ്ടിൽ വരവ് വെക്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്. അമ്മുശ്രീയുടെ അക്കൗണ്ടിലേക്കാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും കണ്ണൂർ സ്വദേശിയുമായ വി.കെ അബ്ദുൾ ഖാദർ മൗലവിയുടെ പേരിലുള്ള തുക വരവ് വന്നിട്ടുള്ളത്. ഈ അക്കൗണ്ടും ഓപ്പറേറ്റ് ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാറാണ്. പാവം മൗലവി സാഹിബ് ഇതൊന്നും അറിഞ്ഞിട്ട്പോലും ഉണ്ടാവില്ല. മേൽ രണ്ട് അക്കൗണ്ടുകളിലായി 10 കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്നിട്ടുള്ളത്.
*71 വ്യാജ അക്കൗണ്ടുകളിലായി 30 കോടിയുടെ ഇടപാടുകൾ വേറെയും നടന്നത് സഹകരണ പരിശോധകർ കണ്ടെത്തിയിട്ടുണ്ട്.
*ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റ് ബേങ്കിൽ മൂന്ന് ദിവസങ്ങളിലായി മുപ്പതിൽപരം ഉദ്യോഗസ്ഥരെ റെയ്ഡ് നടത്തിയതിൽ 110 കോടിയുടെ അനധികൃത നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിൽ ഏഴ് കോടിയുടെ ഉടമസ്ഥർ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഇൻകംടാക്സ് അധികൃതർ അവരുടെ പണം റിലീസ് ചെയ്ത് കൊടുത്തു. നോട്ട് നിരോധന കാലത്ത് കള്ളപ്പണം AR നഗർ സഹകരണ ബാങ്കിൽ വെളുപ്പിച്ചതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
*53 അക്കൗണ്ടുകളിലായി 103 കോടിയുടെ നിക്ഷേപങ്ങൾ ഇൻകം ടാക്സ് പൂർണ്ണമായും കണ്ടു കെട്ടിയതായി അവരുടെ പ്രൊസീഡിംഗ്സ് സാക്ഷ്യപ്പെടുത്തിയത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിൽ 3.5 കോടി രൂപ പ്രതിപക്ഷ ഉപനേതാവും ദീർഘകാലം മന്ത്രിയുമായിരുന്ന ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിൻ്റേതാണ്. ഈ നിമിഷം വരെ അതുമായി ബന്ധപ്പെട്ട രേഖകൾ ആഷിഖ് ഹാജരാക്കുകയോ കണ്ടുകെട്ടിയ പണം തിരിച്ച് വാങ്ങുകയോ ചെയ്തിട്ടില്ല. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞ പ്രകാരമുള്ള NRE അക്കൗണ്ട് തുടങ്ങാൻ കേരളത്തിലെ ഒരു പ്രാഥമിക സഹകരണ സംഘത്തിനും റിസർവ് ബേങ്ക് അനുമതി നൽകിയിട്ടില്ല. പലിശ വാങ്ങൽ മഹാ പാപമാണെന്ന് വിശ്വസിക്കുന്ന മുസ്ലിം ജനവിഭാഗത്തിൻ്റെ നേതൃനിരയിലെ പ്രമുഖനായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ പലിശ ഇനത്തിൽ ബാങ്കിൽ നിന്ന് കൈപ്പറ്റിയിരിക്കുന്നത് ഒന്നരക്കോടിയോളം രൂപയാണ്. ഇതേക്കുറിച്ച് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന ലീഗ് നേതാക്കളും മതനേതാക്കളും അഭിപ്രായം പറയാൻ തയ്യാറാകണം.
*ദേവി. എം എന്ന അംഗനവാടി ടീച്ചറുടെ പേരിൽ 80 ലക്ഷം രൂപയും വേണുഗോപാലൻ എന്നയാളുടെ പേരിൽ 30 ലക്ഷം രൂപയും തുടങ്ങി വിവിധ ആളുകളുടെ പേരിൽ അവരറിയാതെ കോടിക്കണക്കിനു രൂപയും നിക്ഷേപിച്ചത് ബന്ധപെട്ട ഇൻവസ്റ്റിഗേഷൻ ടീം വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇൻകം ടാക്സിൽ നിന്നും നോട്ടീസ് ലഭിച്ചവരുടെ വീടുകളിൽ പോയി വമ്പിച്ച വാഗ്ദാനങ്ങളാണ് ഭരണസമിതി അംഗങ്ങളും കുഞ്ഞാലിക്കുട്ടിയുടെ കയ്യാളുകളും നൽകിക്കൊണ്ടിരിക്കുന്നത്.
*സുകുമാരൻ നായർ, കല്യാണികുട്ടിയമ്മ തുടങ്ങി മരണപെട്ട നിരവധി പേർ ഇൻകം ടാക്സ് ഡിപാർട്ട്മെന്റ് കത്തയച്ചവരിൽ ഉൾപ്പെടും. ഇത്തരത്തിൽ മരണപ്പെട്ടവരുടെ പേരിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയിട്ടുള്ളത്.
*നിരവധി ബിനാമി അക്കൗണ്ടുകളുടെ പലിശയും പലിശ വാങ്ങാത്ത നൂറുകണക്കിനു നിക്ഷേപങ്ങളുടെ പലിശയും അടക്കം പലിശയിനത്തിലുള്ള കോടികളാണ് വ്യാജ അക്കൗണ്ടുകൾ വഴി കുഞ്ഞാലിക്കുട്ടിയും സംഘവും അടിച്ചു മാറ്റിയിട്ടുള്ളത്.
*ബേങ്കിൽ മൊത്തം 300 കോടിയിലധികം അനധികൃത ഇടപാടുകൾ കുറഞ്ഞ കാലയാളവിനുള്ളിൽ നടന്നതായി രേഖകൾ വ്യക്തമാക്കുന്നു.
*കേരള സംസ്ഥാനത്ത് നിക്ഷേപങ്ങളിൽ മാത്രം ഇത്രയധികം തുകയുടെ ക്രമക്കേട് കണ്ടെത്തിയ മറ്റൊരു ബാങ്കും ചൂണ്ടിക്കാണിച്ച് തരാൻ ഒരാൾക്കും കഴിയില്ല.
*AR നഗർ പ്രാഥമിക സഹകരണ ബേങ്കിലെ വലിയ തുകകളുടെ വായ്പകൾ കൂടി പരിശോധിക്കുകയാണെങ്കിൽ ഇതിലും വലിയ ക്രമക്കേടുകൾ പുറത്തു വരുമെന്നാണ് സൂചന. ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി 24.9.2020 ന് 50 ലക്ഷം രൂപയാണ് വായ്പ നമ്പർ NAMT 9023 പ്രകാരം AR നഗർ ബാങ്കിൽ നിന്ന് ലോൺ എടുത്തിരിക്കുന്നത്. വായ്പാ ക്രമക്കേടും അന്വേഷണ പരിധിയിൽ കൊണ്ട് വരാൻ സഹകരണ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മരണപ്പെട്ടവരുടെ പേരിലെ ഇപ്പോഴും ക്രയവിക്രയം നടക്കുന്ന അക്കൗണ്ടുകൾ താഴെ പറയുന്നവയാണ്.
1) സുകുമാരൻ നായർ
കല്ലങ്ങാട്ടു ഹൗസ്
എ.ആർ നഗർ പോസ്റ്റ്
2) ഗോവിന്ദൻ നായർ
മേലേത്തൊടിയിൽ
എ.ആർ നഗർ പോസ്റ്റ്
3) കല്യാണി അമ്മ
മേലേത്തൊടി
എ.ആർ നഗർ പോസ്റ്റ്
ജീവിച്ചിരിക്കുന്നവരുടെ പേരിൽ അവരറിയാതെ നിക്ഷേപം നടത്തിയത് കാണുക.
1) ദേവി.എം 80 ലക്ഷം രൂപ
2) വേണുഗോപാലൻ എ.പി
അപ്പാടിപറമ്പിൽ ഹൗസ്
ഇരിങ്ങല്ലൂർ പോസ്റ്റ്
വേങ്ങര
30 ലക്ഷം രൂപ
*മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബേങ്കിൽ ലയിക്കാതിരുന്നതിൻ്റെ പ്രധാന കാരണം പല ലീഗ് നിയന്ത്രിത പ്രാഥമിക സഹകരണ സംഘങ്ങളിലുമുള്ള കോടികളുടെ കള്ളപ്പണ, ബിനാമി ഇടപാടുകൾ പുറത്താകുമെന്ന ഭയമാണെന്ന് അന്നുതന്നെ സംസാരമുണ്ടായിരുന്നു.
സമീപ ഭാവിയിലൊന്നും ബാങ്കിൽ ഒരുതരത്തിലും കുഞ്ഞാലിക്കുട്ടിക്കും ഹരികുമാറിനും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇരുവരും പ്ലാൻ ചെയ്താണ് സ്ഥാപനത്തിലെ എല്ലാ സ്റ്റാഫ് നിയമനങ്ങളും നടത്തിയിട്ടുള്ളത്.
ഹരികുമാറിന് ശേഷം ബാങ്കിൽ ജോലി ചെയ്യുന്നവരിൽ സീനിയോറിറ്റി പ്രകാരം യോഗ്യതയുള്ള
ആദ്യത്തെ 8 പേരിൽ
ഒരൊറ്റ ലീഗുകാരനും ഇല്ല.
ഇവരെല്ലാം തന്നെ ലീഗുമായി പുലബന്ധം പോലുമില്ലാത്തവരാണ്. എന്തിനധികം ഇവരാരും പ്രാദേശികമായി AR നഗർ പഞ്ചായത്തിൽ പോലും പെടുന്നവരല്ല.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ശുപാർശയിൽ AR നഗർ ബാങ്കിൽ നിയമനം കിട്ടിയ സറീന നജ്മ എന്ന ജീവനക്കാരിയെ അച്ചടക്ക നടപടി എടുത്ത് പുറത്താക്കാൻ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയില്ലാതെ ഹരികുമാറിന് കഴിയില്ല.
അവരെ കയറി പിടിച്ചതിൻ്റെ പേരിലാണ് ഹരികുമാറിനെ ആ ജീവനക്കാരി ചെരിപ്പൂരി അടിച്ച സംഭവം AR നഗർ ബാങ്കിൽ അരങ്ങേറിയത്.
ഇപ്പോൾ IPC 354 വകുപ്പ് പ്രകാരം പരപ്പനങ്ങാടി കോടതിയിൽ അതുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയാണ്. അവരെ പുറത്താക്കിയ കേസിൽ കോഴിക്കോട് ആർബിട്രേഷൻ കോടതി സറീന നജ്മക്ക് എല്ലാ ആനുകൂല്യങ്ങളും നൽകാൻ ഉത്തരവായിട്ടുമുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ പൂർണ്ണ അറിവോടെയാണ് ഹരികുമാർ ബേങ്കിൽ തനിക്ക് ഭീഷണിയാവും എന്ന് കരുതിയ ലീഗുകാരുൾപ്പടെയുള്ള സത്യസന്ധരായ സീനിയർ ജീവനക്കാരെ ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും അച്ചടക്ക നടപടിയെടുത്ത് പുറത്താക്കുകയോ അല്ലെങ്കിൽ ലീവെടുത്തു പോകാൻ അവസരമൊരുക്കുകയോ ചെയ്തത്.
KT അബ്ദുറഹ്മാൻ, AP ഹംസ, KP ഹംസ,MV മുഹമ്മദ് കുട്ടി, KC ഹംസ, AP ബഷീർ, E ഫൈസൽ, മുജീബ് കുന്നുംപുറം, തുടങ്ങിയ കറകളഞ്ഞ ലീഗുകാരായ ജീവനക്കാരടക്കം ഇതിൽ പെടും.
ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങൾ നടന്നത് പോലെ AR നഗർ ബാങ്കുമായി ബന്ധപ്പെട്ടും ദുരൂഹ മരണം നടന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടി - ഹരികുമാർ ഗൂഢ സംഘത്തിൻ്റെ ഹിറ്റ് ലിസ്റ്റിൽ പെട്ട കെ.എം. അബ്ദുൽ മജീദ് ഹാജി ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത് മണിക്കൂറുകൾക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ചോര ഛർദ്ദിച്ച് മരിച്ചു. മജീദ് ഹാജി മരണപ്പെട്ടില്ലായിരുന്നെങ്കിൽ അദ്ദേഹമാണ് ബാങ്കിൻ്റെ പ്രസിഡണ്ട് ആവുക. അത് തടയാൻ നടത്തിയ ഹീന കൃത്യമാണോ ആ ദുർമരണമെന്ന് ഇന്നും സംശയിക്കുന്നവർ നാട്ടിലുണ്ട്. അന്നത്തെ പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ തീരുമാനം മറികടന്ന് കുഞ്ഞാലിക്കുട്ടിയുടെ ഒത്താശയോടെ ബാങ്ക് പ്രസിഡണ്ടായത് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലിയാഖത്ത് അലിയാണ്.
സമീപകാലത്ത് ബാങ്കിൽ കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത് യൂത്ത്ലീഗ് പഞ്ചായത്ത് സെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെ.കെ മൂസാക്കാൻ്റെ മകൻ കെ.കെ സകരിയ്യയാണ്. അല്ലാതെ സി.പി.എം കാരോ ഡി.വൈ.എഫ്.ഐ ക്കാരോ അല്ല. ഇതിൽ രാഷ്ട്രീയമില്ല. വ്യക്തി വിരോധവും ഇല്ല. സാമ്പത്തിക തട്ടിപ്പു നടത്തി പാവം ജനങ്ങളെ വഞ്ചിക്കുന്നവർ ഏത് കൊമ്പനായാലും എതിർക്കപ്പെടണം. സി.പി.എം ആരംഭിച്ച ഈ സമരം വിജയിച്ചേ അടങ്ങൂ. അതല്ലെങ്കിൽ മാഫിയാ രാഷ്ട്രീയക്കാർ നാട്ടിൽ പിടിമുറുക്കും. ഏത് വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. AR സഹകരണ ബാങ്കിലെ തീവെട്ടിക്കൊള്ള പുറത്ത് കൊണ്ടുവരാൻ സർക്കാരിൻ്റെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും പൂർണ്ണ സഹകരണവും ജാഗ്രതയും ഉണ്ടായിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഈ സമരം ഗർഭത്തിലേ അലസിപ്പോകുമായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !