തിരുവനന്തപുരം: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ ട്വിസ്റ്റ്.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലന്‍ ടിക്കറ്റെടുത്തത്. പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലന്‍ പറഞ്ഞു.
5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്.
ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നല്‍കിയ രസീതും ജയപാലന്‍ കാണിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലന്‍ പറഞ്ഞു.
ഓണം ബംപര്‍ അടിച്ചുവെന്ന അവകാശവാദവുമായി ദുബായിലെ പ്രവാസി മലയാളി രംഗത്തെത്തിയിരുന്നു. ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് സ്വദേശി സെയ്തലവിയാണ് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതായി അവകാശപ്പെട്ടത്. എന്നാൽ ടിക്കറ്റ് കയ്യിൽ ലഭിച്ചിട്ടില്ലെന്നും സുഹൃത്ത് ടിക്കറ്റേൽപ്പിച്ച പാലക്കാട്ടെ ഏജന്റിനെ കണ്ടെത്താൻ ആയില്ലെന്നുമായിരുന്നു സെയ്തലവിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !