ഐ.പി.എല്‍. 2021 സീസണിന്റെ രണ്ടാം പാദത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു തകര്‍പ്പന്‍ ജയം. ഇന്നു അബുദബിയില്‍ നടന്ന മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് അവര്‍ കോഹ്ലിപ്പടയെ തകര്‍ത്തത്.
മത്സരത്തില്‍ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ വെറും 92 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് 20 ഓവറില്‍ 93 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത 10 ഓവര്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി.
34 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് അവരുടെ റണ്‍ ചെയ്‌സ് അനായാസമാക്കിയത്. ഒന്നാം വിക്കറ്റില്‍ യുവതാരം വെങ്കിടേഷ് അയ്യര്‍ക്കൊപ്പം 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്‍ ഉയര്‍ത്തിയത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങി 27 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടി പുറത്താകാതെ നിന്ന അയ്യരാണ് കൊല്‍ക്കത്തയുടെ വിജയറണ്‍ കുറിച്ചതും. കളിയവസാനിക്കുമ്പോള്‍ ഒരു പന്തു പോലും നേരിടാതെ ആന്ദ്രെ റസലായിരുന്നു അയ്യര്‍ക്കൊപ്പം ക്രീസില്‍.
ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയമടക്കം ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും കൊല്‍ക്കത്തയ്ക്കായി. അതേസമയം തോറ്റെങ്കിലും എട്ടു മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയമടക്കം 10 പോയിന്റുമായി ആര്‍.സി.ബി. മൂന്നാം സ്ഥാനത്തു തുടരുകയാണ്.
കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതിനു മുമ്പ് നടന്ന ആദ്യപാദത്തില്‍ തകര്‍പ്പന്‍ ജയങ്ങള്‍ നേടിക്കുതിച്ച ആര്‍.സി.ബിക്ക് ഇന്നു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. അതേസമയം ആദ്യപാദത്തില്‍ തുടര്‍തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ താഴേക്കു വീണ കൊല്‍ക്കത്ത ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ബാംഗ്ലൂര്‍ നിരയെ ചെറിയ സ്‌കോറില്‍ പുറത്താക്കിയ കൊല്‍ക്കത്ത ബൗളിങ് നിരയ്ക്കാണ് ഈ ജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും. മൂന്നോവറില്‍ വെറും ഒമ്പതു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലും നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.
ഒരു റണ്ണൗട്ടടക്കം നാലു ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റുകളിലാണ് വരുണ്‍ ചക്രവര്‍ത്തി തന്റെ കൈയൊപ്പു ചാര്‍ത്തിയത്. രണ്ടു വിക്കറ്റുകളുമായി ലോക്കീ ഫെര്‍ഗൂസനും ഒരു വിക്കറ്റ് നേടി പ്രസിദ്ധ് കൃഷ്ണയും ഇവര്‍ക്കു മികച്ച പിന്തുണ നല്‍കി. ബാംഗ്ലൂര്‍ നിരയില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 20 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 22 റണ്‍സ് നേടിയ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് അവരുടെ ടോപ് സ്‌കോറര്‍.
നായകന്‍ വിരാട് കോഹ്ലി(5), യുവതാരം എസ്. ഭരത്(16) അപകടകാരികളായ ഗ്ലെന്‍ മാക്‌സ്‌വെല്‍(10), എ.ബി. ഡിവില്ല്യേഴ്‌സ്(0), മലയാളി താരം സച്ചിന്‍ ബേബി(7) എന്നിവര്‍ നിരാശപ്പെടുത്തി. ആദ്യപാദത്തില്‍ ടീമിന്റെ കുതിപ്പിനു കരുത്തായ ബാറ്റ്‌സ്മാന്മാര്‍ എല്ലാവരും ഒരുമിച്ചു പരാജയപ്പെട്ടതാണ് മികച്ച സ്‌കോര്‍ എന്ന ബാംഗ്ലൂര്‍ സ്വപ്നങ്ങള്‍ തകര്‍ത്തത്.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണോടെ ആര്‍.സി.ബിയുടെ നായക സ്ഥാനം ഒഴിയുമെന്നു പ്രഖ്യാപിച്ചതിനു ശേഷം കോഹ്ലി ഇതാദ്യ മത്സരത്തിനാണ് ഇറങ്ങിയത്. മാത്രമല്ല കോഹ്ലിയുടെ 200-ാം ഐ.പി.എല്‍. മത്സരം കൂടിയായിരുന്നു ഇത്. ഒരു ടീമിനായി 200 ഐ.പി.എല്‍. മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ കോഹ്ലിക്കു സ്വന്തമായി. ബാംഗ്ലൂര്‍ നിരയില്‍ ഇന്നു രണ്ടു താരങ്ങള്‍ ഐ.പി.എല്‍. അരങ്ങേറ്റം കുറിച്ചു. ഇന്ത്യന്‍ യുവതാരം കെ.എസ്. ഭരതും ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയുമാണ് ഇന്ന് അരങ്ങേറിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !