ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരെ ഹരിത നേതാക്കൾ രംഗത്ത്. കമ്മിറ്റി പിരിച്ചു വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങൾ അറിയിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വിഷയത്തിൽ പരാതി നൽകിയതിന്റെ പേരിൽ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നും പിരിച്ചു വിടും മുമ്പ് ആരുടെയും വിശദീകരണം പോലും കേൾക്കാൻ തയ്യാറായില്ലെന്നും നേതാക്കൾ പറയുന്നു.
വനിത കമ്മീഷനിൽ നൽകിയ പരാതി ഒരുകാരണവശാലും പിൻവലിക്കില്ലെന്നും നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഹരിത നേതാക്കൾ പറയുന്നു. എംഎസ്എഫ് നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിൻറെ അന്ത്യശാസനം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്.
മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിലാണ് ഹരിത കമ്മിറ്റിയെ പിരിച്ചു വിടാൻ തീരുമാനിച്ചത്. ഹരിത തുടർച്ചയായി അച്ചടക്കം ലംഘിച്ചുവെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടൻ രൂപീകരിക്കാമെന്നുമാണ് പി.എം.എ സലാം പറഞ്ഞത്. എം.എസ്.എഫ് നേതാവ് പി.കെ നവാസിനെതിരെ ഹരിതാ നേതാക്കൾ നൽകിയ ലൈംഗികാതിക്രമ പരാതിയാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിടുന്നതിലേക്ക് എത്തിച്ചത്.
ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ഹരിത വനിതാ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. ഹരിതയിലെ സംഘടനാപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണെന്നും സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിൻറെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കൾ പറഞ്ഞത്.
എന്നാൽ പാർട്ടിക്ക് കിട്ടിയ പരാതിയിൽ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻറെ പൊതുവികാരം. ഇതോടെ എം.എസ്.എഫ് നേതാക്കൾക്കെതിരായി ഹരിത ഭാരവാഹികൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉന്നതാധികാര സമിതി ചേരുന്നതിന് മുമ്പ് ഹരിത ഈ പരാതി പിൻവലിക്കണമെന്നായിരുന്നു അന്ത്യശാസനം. എന്നാൽ ഇത് അംഗീകരിക്കാൻ ഹരിത ഭാരവാഹികൾ തയ്യാറായില്ല.
നേതൃത്വം പി.കെ നവാസ് അടക്കമുള്ളവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്ന് ഹരിത നേതാക്കൾ പരസ്യമായി പറഞ്ഞു. ഈ സാഹചര്യത്തിലാണ് അച്ചടക്കത്തിന്റെ പേരിൽ ഹരിത സംസ്ഥാന കമ്മിറ്റി പരിച്ചുവിടാൻ പാർട്ടി തീരുമാനമെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !