കോഴിക്കോട്: കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തി. ആറുപേരിലാണ് പുതുതായി ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ലക്ഷണങ്ങളുളള എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 251 പേരാണ് പട്ടികയിൽ ഉള്ളത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട മുപ്പത്തിരണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് നേരത്തേ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.
അതേസമയം, മരിച്ച കുട്ടിയുടെ വീടുൾപ്പെടുന്ന പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീടുകളിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്പ് ഇവിടെ ആടിന് അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിക്കുകയും ചെയ്തിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്നറിയാനാണ് ആടിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തത്.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണ്. അതിനാൽ പന്നികളെ പിടികൂടി പരിശോധിക്കുന്ന കാര്യവും മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനായി വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനൊപ്പം വവ്വാലുകളെ പരിശോധിക്കാനുള്ള നടപടികളും തുടങ്ങി. സ്രവം ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !