ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ പ്രതികരണവുമായി മുഫീദ തെസ്നി. ലീഗ് നേതൃത്വം ഇന്നലെ പിരിച്ചുവിട്ട എം.എസ്.എഫ് വനിതാ വിഭാഗം ‘ഹരിത’ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ് മുഫീദ തെസ്നി. സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശങ്ങൾ നടത്തിയ ഏതാനും എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത പരാതിയുമായി രംഗത്തെത്തിയത് വിവാദമായിരുന്നു. എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നല്കിയ പരാതി പിൻവലിക്കണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തിലായിരുന്നു ‘ഹരിത’ പിരിച്ചുവിട്ടത്.
അതേസമയം ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല തങ്ങളുടെ പോരാട്ടം എന്ന് മുഫീദ തെസ്നി വ്യക്തമാക്കി. സംഘടനാപരമായി അവകാശങ്ങൾ ലഭിക്കാഞ്ഞതുകൊണ്ടുമല്ല. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു എന്നും മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിൽ മുഫീദ പറഞ്ഞു.
ലീഗ് നേതൃത്വം സ്വീകരിച്ച നടപടിയിലെ ശരി-തെറ്റുകളെക്കുറിച്ച് കേരളീയ സമൂഹം ചർച്ച തുടങ്ങിയിട്ടുണ്ട്. ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർ കക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടേതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ചുതന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് വരുന്ന തലമുറക്ക് മുന്നിൽ ഇത്തരമൊരു സന്ദേശം പങ്കു വെക്കേണ്ടതുണ്ട്.
തെറ്റിനെതിരെ വിരൽ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സമൂഹമാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍ പ്പേറുന്ന രാഷ്ട്രീയ മാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്‍ക്കുമുള്ളത് എന്നും മുഫീദ തെസ്നി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !