കൊച്ചി| മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികൾ ഹൈക്കോടതി തള്ളി. മീഡിയ വണ്ണിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ഇൻറലിജൻസ് ബ്യുറോയുടെ ഫയലുകൾ പരിശോധിച്ചതിൽ നിന്നും ഇതാണ് മനസിലാവുന്നത്. ലൈസൻസ് ഒരു നിമിഷം പോലും നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവ് സ്റ്റേ ആവശ്യവും കോടതി തള്ളി.
മീഡിയ വണ്‍ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു ജസ്റ്റിസ് എന്‍.നഗരേഷ് വിധി പറഞ്ഞത്. ഇന്നലെ കേസ് പരിഗണിച്ച കോടതി കേന്ദ്ര നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു കൂടി നീട്ടിയിരുന്നു.
അതേസമയം, കോടതി വിധി മാനിച്ച് സംപ്രേക്ഷണം നിർത്തിവെക്കുന്നതായി എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ കാരണങ്ങളാലാണു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതെന്നു വ്യക്തമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസക്തമായ ഫയലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ സിറ്റിങ്ങില്‍ കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
തങ്ങള്‍ക്കു സുരക്ഷാ അനുമതി ലഭിച്ച 10 വര്‍ഷത്തിനിടയില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി ഒരിക്കല്‍ പോലും പരാതിയില്ലെന്നു ചാനലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ ഉത്തരവ് മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ്. നിയമപരമായ നടപടിക്രമങ്ങളോ ഉത്തരവോ പാലിക്കാതെയാണ് ലൈസന്‍സ് റദ്ദാക്കിയത്. ദേശീയ സുരക്ഷയുടെ ലംഘനമാണെന്നു തെളിയിക്കാന്‍ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നുമാണ് പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജാജു ബാബുവിന്റെ വാദം.
ഒരിക്കല്‍ സുരക്ഷാ അനുമതി നല്‍കിയാല്‍ അത് ഒരിക്കലും റദ്ദാക്കാനാകില്ലെന്നു വാദിക്കാന്‍ കഴിയില്ല. സുരക്ഷാ അനുമതി ശാശ്വതമല്ല. മാധ്യമസ്വാതന്ത്ര്യം അനിയന്ത്രിതമായ ലൈസന്‍സല്ലെന്നും ഹര്‍ജികളെ എതിര്‍ത്ത് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു പറഞ്ഞു.
ജനുവരി 31നാണു കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സ് പുതുക്കാനാവില്ലെന്നു സര്‍ക്കാര്‍ ചാനല്‍ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇതിനെതിരായി ചാനല്‍ മാനേജ്‌മെന്റ് അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു സ്റ്റേ ചെയ്തു. ഫെബ്രുവരി രണ്ടിനു ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഇടക്കാല ഇത്തരവിന്റെ കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !