ചാരവൃത്തികുറ്റം ചുമത്തപ്പെട്ട് ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നായിരുന്നു പ്രധാന ആരോപണം.
ഇറ്റലിയിൽ നിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കി എന്നതാണ് കേസിന്റെ അടിസ്ഥാനമെന്ന് ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രതിരോധ കമ്പനിയിലെ ജീവനക്കാരായാണ് ഇന്ത്യന്‍ നേവിയുടെ മുന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കമ്പനിയുടെ സിഇഒയും ഖത്തറിലെ അന്താരാഷ്ട്ര സൈനിക ഓപ്പറേഷൻ മേധാവിയും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
എന്താണ് നാവികർക്കെതിരായ കുറ്റം?
ചാരവൃത്തിയാണ് ശിക്ഷയുടെ കാരണമെന്ന് പരക്കെ സൂചനകളുണ്ടെങ്കിലും തടവിലാക്കിയതിന്റെ കാരണം ഖത്തർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസിൽ ഉൾപ്പെട്ട എട്ട് പേർക്കും വധശിക്ഷ വിധിച്ചുവെന്ന വിവരം ഇന്ന് വൈകിട്ടോടെയാണ് പുറത്തുവന്നത്.
അതേസമയം, ഇറ്റലിയിൽനിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേർക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നത്.
ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഖത്തര്‍ രഹസ്യനീക്കം നടത്തിയിരുന്നു. ഇറ്റലിയുമായി ചേർന്നാണ് ഖത്തർ അന്തർവാഹിനി നിർമാണം നടത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ റഡാറിൽ പെടാതെ മറഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലുകളുടെ വിശദാംശങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയയെന്നാണ് ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തർ നാവികസേനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നത്.
അറസ്റ്റിലായവര്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടി ജോലി ചെയ്യുന്നവരാണെന്നാണ് പാകിസ്താന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇന്ത്യയ്ക്കും ഖത്തറിനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്കുമിടയിൽ വിള്ളൽ വീഴ്ത്താനുള്ള പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കമാണ് കേസെന്ന ആരോപണമാണ് ഇന്ത്യയിൽ ഉയർന്നത്.
നാവികരുടെ കാര്യത്തിൽ ഇനിയെന്ത്?
2022 ഓഗസ്റ്റ് 30ന് ഖത്തർ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത എട്ട് പേരെയും വൈകാതെ തടവലിടുകയായിരുന്നു. കേസിൽ മാര്‍ച്ച് 29 നായിരുന്നു ആദ്യ വാദം നടക്കുന്നത്. ഏഴു ഘട്ടങ്ങളിലായി തുടർന്ന വിചാരണ ഒക്ടോബർ മൂന്നു വരെ നീണ്ടു. വിചാരണ കാലഘട്ടങ്ങളിൽ തന്നെ എട്ടുപേരും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അവയെല്ലാം ഖത്തർ കോടതി തള്ളിക്കളയുകയായിരുന്നു. എട്ട് പേര്‍ക്കും വധശിക്ഷ ലഭിക്കാനിടയുണ്ടെന്ന തരത്തില്‍ ഈ മാസമാദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രാഥമിക കോടതിയാണ് നാവികർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. മേൽക്കോടതിയിൽ അപ്പീൽ നൽകാൻ നാവികർക്ക് കഴിയും. ഈ അവസവരവും നയതന്ത്ര ബന്ധങ്ങളും ഉപയോഗപ്പെടുത്താനായിരിക്കും ഇന്ത്യയുടെ ഇനിയുള്ള ശ്രമം.
ഒക്ടോബർ ഒന്നിന് ദോഹയിലെ ഇന്ത്യൻ പ്രതിനിധിക്ക് എട്ടു പേരെയും സന്ദർശിക്കാൻ ഖത്തർ അനുമതി നൽകിയിരുന്നു. ഏകാന്ത തടവിലായിരുന്ന ഇവരെ സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി ഇവർക്ക് എല്ലാ തരത്തിലുമുള്ള നിയമപരമായ സഹായവും വാഗ്ദാനം ചെയ്തിരുന്നതായാണ് അന്നത്തെ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രതികരണം
മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റം 'എന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല' എന്നാണ് ഇതുവരെ ഇന്ത്യ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ന് വിധി വന്ന ശേഷം ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്നാണ് പരാമർശിച്ചത്. കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
വിചാരണ രഹസ്യമായിരുന്നതിനാൽ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
Eight #IndianNavy veterans who had served the motherland are in illegal custody/detention in Doha (Qatar) for 57 days as on date. Request & plead our Indian Govt to act fast & get all these distinguished officers repatriated to India without any further delays @narendramodi
— Meetu Bhargava (@DrMeetuBhargava) October 25, 2022
Content Highlights: Espionage: Eight Ex-Indian Navy Officers Sentenced to Death in Qatar
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !