സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചതോടെ സാമ്പത്തിക ഭാരം സാധാരണക്കാരന് മേല്‍ കടുത്തിരിക്കുകയാണ്. ഇതോടെ സ്വകാര്യ കമ്പനികളെ വിട്ട് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. കേരളത്തിലാണ് ഈ പ്രവണത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ജൂലൈ 1 മുതല്‍ 17 വരെയുളള കാലയളവില്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറിയ ഉപഭോക്താക്കള്‍ 35,497 പേരാണ്.
17 ദിവസം കൊണ്ട് ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ എണ്ണം 34,637 ആണ്. ജൂലൈ മാസം വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് 35,000 ഓളം ആളുകള്‍ ബി.എസ്.എന്‍.എല്ലില്‍ എത്തിയത് എന്നത് ഉപഭോക്താക്കള്‍ സ്വകാര്യ ടെലികോം കമ്പനികളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വരുന്നു എന്നതിന് തെളിവാണ്. സ്വകാര്യ ടെലികോം കമ്പനികള്‍ റീചാർജ് നിരക്കുകള്‍ 22 ശതമാനം വരെ കൂട്ടിയത് സാധാരണക്കാരന് ഇരുട്ടടിയായിരിക്കുകയാണ്.
ഒരു ലക്ഷം ടവറുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു
ഈ തരംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുളള ഒരുക്കത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. ഡിസംബറിനകം ഒരു ലക്ഷം ടവറുകളാണ് ഇന്ത്യയില്‍ കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. 4ജി നല്‍കുന്ന ടവര്‍ ഉപയോഗിച്ചു തന്നെ 5ജിയിലേക്ക് മാറാം എന്നതുകൊണ്ട് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നില്ല പരാതികള്‍ മറികടക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതോടെ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.
ഏറ്റവും കുറഞ്ഞ പ്ലാനിന് 108 രൂപ
സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. രണ്ടാമത് കോഴിക്കോടാണ്. 2 ജിബി പ്രതിദിന ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍, ജിയോ കമ്പനികളുടെ വാര്‍ഷിക പ്ലാന്‍ 3,599 രൂപയാണ്. അതേസമയം 395 ദിവസത്തേക്കുളള ബി.എസ്.എന്‍.എല്‍ പ്ലാനിന് 2,395 രൂപ മാത്രമാണ് ഉളളത്. ഒരു വര്‍ഷം ഉപഭോക്താവ് ചെലവഴിക്കുന്ന തുകയില്‍ ഏകദേശം 1,200 രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. 28 ദിവസം കാലാവധിയുളള ഏറ്റവും കുറഞ്ഞ പ്ലാന്‍ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ വാഗ്ദാനം ചെയ്യുന്നത് 199 രൂപയ്ക്കും ജിയോ 189 രൂപയ്ക്കുമാണ്. ബി.എസ്.എന്‍.എല്ലിന്റെ ഏറ്റവും കുറഞ്ഞ പ്ലാന്‍ തുടങ്ങുന്നത് 108 രൂപയ്ക്കാണ് എന്നതും ശ്രദ്ധേയമാണ്.
Content Summary: The number of people porting to BSNL is increasing massively
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !