ന്യൂഡൽഹി: യുവതിയുടെ മുറിയിലും കുളിമുറിയിലും ഒളിക്യാമറകൾ ഘടിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കെട്ടിട ഉടമയുടെ മകൻ അറസ്റ്റിൽ. 30കാരനായ കരണാണ് പിടിയിലായത്. ഡൽഹിയിലെ ശകർപൂരിലെ ഒരു കെട്ടിടത്തിലെ മുറിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതുകൊണ്ട് ഒറ്റയ്ക്കായിരുന്നു താമസം.
അതേ കെട്ടിടത്തിലെ മറ്റൊരു നിലയിലായിരുന്നു പ്രതിയും താമസിച്ചിരുന്നത്. ഉത്തർപ്രദേശുകാരിയായ യുവതി തന്റെ വീട്ടിൽ പോയപ്പോൾ കരണിനെ വാടകമുറിയുടെ താക്കോൽ ഏൽപ്പിച്ചിരുന്നു. നാട്ടിൽ പോയി തിരികെ വന്നതോടെ തന്റെ വാട്സ്ആപ്പ് അക്കൗണ്ടിൽ അസാധാരണമായ ചില പ്രവർത്തനങ്ങൾ നടക്കുന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതോടെ വാട്സ്ആപ്പ് കണക്ട് ചെയ്തിരിക്കുന്ന ഡിവൈസുകൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു ലാപ്‌ടോപ്പിൽ തന്റെ വാട്സ്ആപ്പ് അക്കൗണ്ട് ലോഗിനാണെന്ന് മനസിലായത്. ഇതോടെ എല്ലാ ഡിവൈസുകളിൽ നിന്നും വാട്സ്ആപ്പ് ലോഗൗട്ട് ചെയ്യുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ അപൂർവ ഗുപ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്നെ നിരീക്ഷിക്കാൻ എന്തെങ്കിലും ഉപകരണങ്ങൾ മുറിയിൽ ഘടിപ്പിച്ചുണ്ടോയെന്ന സംശയം തോന്നിയ യുവതി മുറി മുഴുവൻ പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ ബൾബ് ഹോൾഡറിൽ ഒളിക്യാമറ ഘടിപ്പിച്ചിരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് മുറിയിൽ നടത്തിയ തെരച്ചിലിൽ മുറിയിലെ ബൾബ് ഹോൾഡറിൽ ഘടിപ്പിച്ച ക്യാമറയും കണ്ടെത്തുകയായിരുന്നു.
ഒടുവിൽ സംശയം കരണിലേക്കായി. മൂന്ന് മാസങ്ങൾക്ക് മുൻപ് യുവതി നാട്ടിൽ പോയപ്പോൾ മുറിയുടെ താക്കോൽ ഏൽപ്പിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കിട്ടിയ അവസരത്തിൽ ഇലക്ട്രിക്സ് കടയിൽ നിന്നും മൂന്ന് ഒളിക്യാമറകൾ വാങ്ങി യുവതിയുടെ മുറിയിൽ രഹസ്യമായി സ്ഥാപിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഇത്തരത്തിലുളള ക്യാമറകളിൽ നിന്ന് ഓൺലൈൻ മുഖേന ദൃശ്യങ്ങൾ ശേഖരിക്കാൻ സാധിക്കില്ല.
അതിനാൽ മുറിയിൽ ഇലക്ട്രിക്കൽ അറ്റക്കുറ്റ പണികൾ ചെയ്യേതുണ്ടെന്ന് പറഞ്ഞ് കരൺ യുവതിയോട് വീണ്ടും താക്കോൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ശേഖരിച്ചുവച്ചിരുന്ന രണ്ട് ലോപ്‌ടോപ്പുകളും ഒരു ഒളിക്യാമറയും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. വികലാംഗനായ ഇയാൾക്ക് വോയറിസം (ലൈംഗികതയോടുളള അമിത താൽപര്യം) എന്ന അവസ്ഥയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Source: link
Content Summary: Hidden camera installed in bedroom and bathroom in bulb holder, held by building owner's son
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !