ഭാസ്‌കര കാരണവർ വധക്കേസിലെ ഒന്നാം പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ ഗവർണർ അനുമതി നൽകിയതായി റിപ്പോർട്ട്. കുടുംബിനി, മാനുഷിക പരിഗണന എന്നീ കാര്യങ്ങളാലാണ് ഇളവുനൽകിയത്. തടവുകാർക്ക് ശിക്ഷാ ഇളവു നൽകാൻ സംസ്ഥാന സർക്കാർ ഗവർണർക്ക് നൽകിയ ആദ്യ പട്ടികയിലും ഷെറിൻ ഇടംപിടിച്ചിരുന്നു. എന്നാൽ ഇതിന് ഗവർണർ അനുമതി നൽകാതെ തിരിച്ചയച്ചിരുന്നു.
ഷെറിന് അടിക്കടി പരോൾ കിട്ടിയതും സഹതടവുകാരുമായി ഏറ്റുമുട്ടിയതുമാണ് ആദ്യഘട്ടത്തിൽ തിരിച്ചടിയായത്. സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്നം ഉണ്ടാക്കിയതും തിരിച്ചടിയായി. ഇതേത്തുടർന്ന് പട്ടികയിലുളള ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഫോം രാജ് ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം കൂടി പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു. തുടർന്നാണ് അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഷെറിനൊപ്പം മറ്റ് പതിനൊന്ന് തടവുകാർക്കുകൂടി ശിക്ഷാ ഇളവ് നൽകാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ യോഗം ആദ്യം തീരുമാനമെടുത്തത്. എന്നാൽ ഇതിനെതിരെ വ്യാപക ആക്ഷേപമാണ് ഉയർന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെ ഷെറിനെ വഴിവിട്ട് സഹായിക്കുന്നു എന്നതരത്തിലായിരുന്നു ആക്ഷേപം. തുടർച്ചയായി പരോൾ നേടുന്നതിനടക്കം മന്ത്രിയുടെ സഹായം കിട്ടിയെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു.
ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. ജൂൺ 11 ന് ആണ് മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചിൽ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.
സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരിൽ പരോൾ നേടുന്ന കാര്യത്തിൽ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വർഷത്തിനിടെ 22 തവണയായി ഇവർക്കു ലഭിച്ചത് 444 ദിവസത്തെ പരോൾ. 2012 മാർച്ചിനും ഈ വർഷം ജനുവരിക്കുമിടയിൽ 345 ദിവസത്തെ സാധാരണ പരോൾ. 2012 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ 92 ദിവസത്തെ അടിയന്തര പരോൾ. ഹൈക്കോടതിയിൽനിന്ന് ഒരാഴ്ചത്തെ അടിയന്തര പരോൾ കൂടി ലഭിച്ചു.
ഈ വാർത്ത കേൾക്കാം
Content Summary: Governor accepts government recommendation; Sherin released from prison
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !