ഉരുൾ പൊട്ടലിനെ തുടർന്ന് നാടുകാണി ചുരത്തിലെ ജാറത്തിന് സമീപം രൂപപ്പെട്ട പിളർപ്പ് കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതേത്തുടർന്ന് ചുരം വഴിയുളള ഗതാഗതം അധികൃതർ നിരോധിച്ചു. ഒാഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിലാണ് റോഡ് പിളർന്നത്. എന്നാൽ ഈ ഭാഗത്ത് മണൽ ചാക്കുകൾ അട്ടിയിട്ട് ചെറുവാഹനങ്ങൾ കടന്ന് പോയിരുന്നു.
ആദ്യം ഒരടിയോളം താഴന്ന് ഈ ഭാഗം ഇപ്പോൾ അഞ്ചരയടിയോളം താഴ്ന്നിട്ടുണ്ട്. റോഡിന്റെ പല ഭാഗങ്ങളും കൂടുതൽ വിണ്ടുകീറിയ നിലയിലാണ്. ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുളളതായി ചുരം സന്ദർശിച്ച എക്സികുട്ടീവ് എൻജിനിയർ ജി.ഗീത, അസി.എക്സികുട്ടീവ് എഞ്ചിനീയർ ഇബ്രാഹിം, അസി.എൻജിനീയർ പ്രിൻസ് ബാലൻ എന്നിവർ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് ഇവർ ചുരം സന്ദർശിച്ചത്. ഇത് സംബന്ധിച്ച് വകുപ്പിന്റെ ഉന്നത അധികൃതർക്കും കളക്ടർക്കും റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാഴ്ച മുൻപും റോഡിന്റെ ഈ ഭാഗത്ത് ഗതാഗതം നിരോധിച്ച് അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു. അന്തർസംസ്ഥാന പാതയായ ചുരം വഴിയുളള ഗതാഗതം നിരോധിച്ചത് ആയിരക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. റോഡിലേക്ക് വീണ തേൻപാറ വളരെ ശ്രമകരമായി രണ്ടാഴ്ചകൊണ്ട് പൊട്ടിച്ച് മാറ്റിയ ശേഷം ചെറിയ വാഹനങ്ങൾ കടന്ന്പോകാൻ ബുധനാഴ്ച അനുമതി അധികൃതർ മൗനാനുമതി നൽകിയിരുന്നു.
പ്രവർത്തി നടക്കാത്ത സമയങ്ങളിലായിരുന്നു വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. എന്നാൽ വീണ്ടും ഗതാഗത നിരോധനം ഏർപ്പെടുത്തിയത് മലയോരമേഖലയിലെ ജനങ്ങളെ ഇരുട്ടടിയിലാക്കിയിരിക്കുകയാണ്. ഇപ്പോൾ വഴിക്കടവിൽ നിന്നും നാടുകാണിയിലേക്ക് ജീപ്പുകൾ സർവീസ് നടത്തുന്നത് ജാറം വഴിയാണ്. ഈ ഭാഗമാണിപ്പോൾ കൂടുതൽ അപകടാവസ്ഥയിലായിട്ടുള്ളത്.


