കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ശൈത്യകാല സമയപ്പട്ടികയിൽ പുതിയ വിമാന സർവീസുകൾക്കുള്ള സാധ്യത മങ്ങുന്നു. മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു വിളിച്ചുചേർത്ത വ്യോമയാന മേധാവികളുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിൽ കോഴിക്കോട് വിമാനത്താവളത്തിന് അവഗണനയെന്ന് ആക്ഷേപം.
ശൈത്യകാല പട്ടിക തീരുമാനിക്കുമ്പോൾ കേരളത്തിൽ ദിവസേന 30 അധിക സർവീസുകൾ ഉണ്ടാകുമെന്നായിരുന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി നൽകിയ ഉറപ്പ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ അധിക സർവീസുകൾക്കുള്ള നടപടികൾ തുടങ്ങിയെങ്കിലും കോഴിക്കോട് വിമാനത്താവളത്തിലേക്കു നേരത്തേ പ്രഖ്യാപിച്ച സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾപോലും തുടങ്ങിയിട്ടില്ല.
ഒരു ആഭ്യന്തര സർവീസ് പോലും യോഗത്തിൽ ശുപാർശ ചെയ്തിട്ടുമില്ല. എയർ ഇന്ത്യയുടെ വലിയ വിമാനമായ 747-400, എമിറേറ്റ്സിന്റെ വലിയ വിമാനങ്ങൾ എന്നിവയ്ക്കു കോഴിക്കോട്ട് സർവീസ് നടത്താൻ ഡിജിസിഎ അനുമതി നൽകിയിട്ട് മാസങ്ങൾ ഏറെയായി. ഹജ് സീസൺ കഴിഞ്ഞാൽ എയർ ഇന്ത്യ സർവീസ് ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും നടപടി തുടങ്ങിയിട്ടില്ല. സൗദി കേന്ദ്രമായ ഫ്ലൈ നാസ് സർവീസ് നടത്തുന്നതിനുള്ള അന്വേഷണം നടത്തിയിരുന്നെങ്കിലും അന്തിമ തീരുമാനം ആയില്ല.
പുതിയ സർവീസുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കോഴിക്കോടിനെ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. മധ്യ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കു കോഴിക്കോട്ടുനിന്ന് സർവീസ് ആരംഭിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ക്വാലലംപുർ, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക സർവീസുകൾക്കായി എം.കെ.രാഘവൻ എംപി ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ എയർപോർട്ട് ഡയറക്ടർ ബന്ധപ്പെട്ടവരുമായി ചർച്ചകളും നടത്തിയിരുന്നു. ഇതിലൊന്നും തുടർ നടപടി ഉണ്ടായിട്ടില്ല.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !