പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്കൂൾസ് മാനേജ്‌മെന്റ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സി.ബി.എസ്.ഇ. ജില്ലാകലോത്സവം പെരിന്തൽമണ്ണയിൽ നടക്കും. ഒക്ടോബർ 10, 11, 12 തീയതികളിൽ പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവൻ സ്കൂളിലാണ് കലോത്സവമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേജിതര രചനാമത്സരങ്ങൾ 28-ന് നാലുമേഖലകളിലായി നടക്കും. പെരിന്തൽമണ്ണ മേഖലയുടേത് വള്ളുവനാട് വിദ്യാഭവനിലും തിരൂർ മേഖലയുടേത് വളാഞ്ചേരി എം.ഇ.എസ്. സെൻട്രൽസ്കൂളിലും മഞ്ചേരി മേഖലാമത്സരം വാലക്കണ്ടി നവഭാരത് സെൻട്രൽ സ്കൂളിലും നിലമ്പൂർ മേഖലയുടേത് വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്കൂളിലുമാണ് നടത്തുന്നത്.
മേളയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ 84 സ്കൂളുകളിലെ കൺവീനർമാർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ കെ. ദാമോദരൻ ഉദ്ഘാടനംചെയ്തു. സഹോദയ പ്രസിഡന്റ് പി. ജനാർദനൻ അധ്യക്ഷനായി. സെക്രട്ടറി സി.സി. അനീഷ് കുമാർ, മജീദ് ഐഡിയൽ, എൻ.ജി. സുരേന്ദ്രൻ, ടി.എം. പദ്മകുമാർ, തങ്കം ഉണ്ണിക്കൃഷ്ണ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


