പൊന്നാനി: പൊന്നാനി ബിയ്യം കായലിൽ ആവേശപൂർവം നടന്ന ജലോത്സവത്തിൽ പുറങ്ങ് ഫിറ്റ്‌വെൽ സ്പോർട്സ് ക്ലബ്ബിന്റെ കായൽക്കുതിര ജേതാക്കളായി. ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കെട്ടുകൊമ്പനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കായൽക്കുതിര കപ്പിൽ മുത്തമിട്ടത്.
പുളിക്കകടവ് കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബ്ബിന്റെ പറക്കും കുതിര മൂന്നാംസ്ഥാനം നേടി. മൈനർ വിഭാഗത്തിൽ എം.എം. നഗർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ യുവരാജ മുന്നിൽനിന്ന് നയിച്ച് കിരീടത്തിൽ മുത്തമിട്ടു. യുവ ശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പടവീരൻ രണ്ടാംസ്ഥാനവും പുഴമ്പ്രം ഭാവനവുടെ പാർത്ഥസാരഥി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അവിട്ടം നാളിൽ ജലവീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിൽ കായൽ കുതിരയും, മൈനർ വിഭാഗത്തിൽ യുവരാജയും വിജയ തീരമണഞ്ഞത്. മേജർ മൈനർ വിഭാഗങ്ങളിലായി 23 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവടങ്ങളിൽ നിന്നായി 10 മേജർ വള്ളങ്ങളും 13 മൈനർ വള്ളങ്ങളുമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ പ്രളയദുരന്തത്തെത്തുടർന്ന് വള്ളംകളി ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിയിരുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇത്തവണസർക്കാർ ആഘോഷങ്ങൾ മാറ്റി വെച്ചിരുന്നു. എന്നാൽ ക്ലബ്ബുകളുടെ ആവശ്യത്തെത്തുടർന്ന് വള്ളംകളി മാറ്റിയില്ല.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണിതങ്ങൾ, തഹസിൽദാർ പി. അൻവർ സാദത്ത്, ഡി.റ്റി.പി.സി. അംഗം പി.വി. അയ്യൂബ് എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.


