അവധി ദിവസങ്ങളിൽ നാടുകാണി ചുരം പാതയിൽ സന്ദർശകരുടെ തിരക്ക്. ചുരം പാതയിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാണാൻ വിവിധയിടങ്ങളിൽ നിന്നായി ഒട്ടേറെ ആളുകളാണെത്തുന്നത്. തേൻപാറ ഭാഗത്ത് വനത്തിൽനിന്നു വന്നടിഞ്ഞ പാറക്കൂട്ടങ്ങളും ഒഴുകിയെത്തുന്ന വെള്ളച്ചാലുകളും മറ്റും കണ്ട് മൊബൈൽ ഫോണിൽ ചിത്രങ്ങളുമെടുത്താണ് സംഘങ്ങൾ മടങ്ങുന്നത്.
ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചതിനു ശേഷം എല്ലാ ദിവസവും സന്ദർശകരെത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ ഇതു കൂടുതലാണ്. ഇതിനുപുറമേ ഊട്ടിയിലേക്കും മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള സഞ്ചാരികളുടെ തിരക്കുമുണ്ട്. തിരക്കുകാരണം ഇന്നലെ വൈകിട്ട് 5 മുതൽ ഗതാഗതം തടസ്സപ്പെട്ടു. ആനമറിയിലെ യുവാക്കളെത്തിയാണ് വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിട്ടത്.


