പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും കർഫ്യുവുമെല്ലാം കൊണ്ട് മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അഞ്ച് കെ എസ് ആർ ടി സി ബസുകളിലായാണ് മംഗളൂരുവിൽ നിന്ന് വിദ്യാർഥികളെ കാസർകോട് എത്തിച്ചത്. കാസർകോട് വിദ്യാർഥികളെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ സ്വീകരിച്ചു.
ഇന്റർനെറ്റ് ഇല്ലാതെയും എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാനാകാതെയും കുടുങ്ങിപ്പോയ വിദ്യാർഥികളെയാണ് തിരികെയെത്തിച്ചത്. ഇനിയും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.
മംഗലാപുരത്ത് അതിരൂക്ഷമായ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിന് പിന്നാലെ ആദ്യം ഇന്റർനെറ്റ് നിരോധിക്കുകയും നിരോധാനജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് നടന്ന പ്രകടനത്തിലേക്ക് പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കർഫ്യു പ്രഖ്യാപിച്ചത്. ഇതോടെ പുറത്തിറങ്ങാൻ പോലുമാകാതെ വിദ്യാർഥികൾ കുടുങ്ങുകയായിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !