![]() |
പ്രതീകാത്മ ചിത്രം |
പട്ടാപ്പകൽ ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന് കുത്തേറ്റ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു.
മംഗലപുരം ഇടവിളാകം നിജേഷ്ഭവനിൽ നിതീഷി (30)നാണ് കുത്തേറ്റത്. നിതീഷിന്റെ സുഹൃത്ത് വെഞ്ഞാറമൂട് സ്വദേശിനി രശ്മി (27) ആണ് കസ്റ്റഡിയിലായത്. സംഭവസ്ഥലത്തുനിന്ന് രണ്ടരവയസ്സുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ട രശ്മിയുടെ ഭർത്താവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി ജങ്ഷനുസമീപമാണ് സംഭവം. നിലവിളികേട്ട് ആളുകൾ ഓടിയെത്തുമ്പോൾ നിതീഷ് മുറിവേറ്റ് റോഡിലൂടെ ഓടുകയായിരുന്നു. ഇയാളെ നാട്ടുകാർ ഉടൻതന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകാൻ ശ്രമിച്ച രശ്മിയെ അല്പമകലെ നാട്ടുകാർ തടഞ്ഞുവച്ച് ആറ്റിങ്ങൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച നിതീഷിനെ താൻ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്പിച്ചുവെന്നാണ് രശ്മി പോലീസിനോട് പറഞ്ഞിട്ടുള്ളത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് രശ്മി. അക്ഷയകേന്ദ്രത്തിലെ ജീവനക്കാരനാണ് നിതീഷ്. ആധാർകാർഡുമായി ബന്ധപ്പെട്ട ആവശ്യത്തിന് മൂന്നുമാസം മുമ്പ് അക്ഷയകേന്ദ്രത്തിലെത്തിയ രശ്മിയും നിതീഷും തമ്മിൽ സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുക്കാൻ ശ്രമിച്ച നിതീഷ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് രശ്മിയുടെ മൊഴി.
രശ്മി ഭർത്താവും കുഞ്ഞുമൊത്താണ് ഞായറാഴ്ച ഉച്ചയ്ക്ക് കോരാണിയിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് രശ്മി ഒറ്റയ്ക്കാണ് നിതീഷിനെ ആക്രമിച്ചതെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിതീഷിന്റെ പിൻകഴുത്തിലും കഴുത്തിന്റെ വശങ്ങളിലും ശരീരത്തിന്റെ ഇരുപുറത്തും കൈയിലും കുത്തേറ്റിട്ടുണ്ട്.
സംഭവസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കോരാണിയിലേക്ക് നിതീഷിനെ വിളിച്ച് വരുത്തി രശ്മിയും ഭർത്താവും ചേർന്ന് ആക്രമിച്ചതാകാൻ വഴിയുണ്ടെന്നാണ് പോലീസ് നിഗമനം. പരിക്കേറ്റ നിതീഷിന്റെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ മൊഴി ലഭിച്ചാൽ മാത്രമേ സംഭവത്തിന്റെ യഥാർത്ഥചിത്രം വ്യക്തമാകൂ. കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയതെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഇൻസ്‌പെക്ടർ ടി.രാജേഷ്‌കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !