യുഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാ ദൗര്‍ബല്യവുമെന്നു അശോക് ചവാന്‍ കമ്മിറ്റിക്ക് മുമ്പാകെ രമേശ് ചെന്നിത്തല.
എങ്കിലും പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും പരാജയം പഠിക്കാന്‍ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കോവിഡ് കാരണം സര്‍ക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് മഹാമാരിയുടെ മറവില്‍ സര്‍ക്കാര്‍ ഒഴുക്കിയ പണവും ഭക്ഷണക്കിറ്റുകളും പെന്‍ഷനുമെല്ലാം തോല്‍വിയ്ക്ക് കാരണമായി. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സര്‍ക്കാരിന്റെ സ്വജനപക്ഷപാതവും നിരവധി അഴിമതികളും പൊതുസമൂഹത്തില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇതുകാരണം സര്‍ക്കാര്‍ നിരവധി തീരുമാനങ്ങളില്‍ തിരുത്തുകയും പിന്നോക്കം പോകുകയും ചെയ്യേണ്ടിവന്നു.
സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്കിയത്. എന്നാല്‍, സര്‍ക്കാരിന്റെ അഴിമതിയ്ക്ക് എതിരായ വികാരം താഴെത്തട്ടില്‍ എത്തിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. ബൂത്തുതലത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കോവിഡ് കാരണം സാധിച്ചില്ല. പല ബൂത്തുകമ്മിറ്റികളും നിര്‍ജ്ജീവമായിരുന്നു. വീടുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണപക്ഷമാകട്ടെ കോവിഡിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തകരായി സര്‍ക്കാര്‍ ചെലവില്‍ കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കി സര്‍ക്കാരിന് അനുകൂലമായി വന്‍തോതിലുള്ള പ്രചാരണം നടത്തി.
കോണ്‍ഗ്രസ്സ് മുക്തഭാരതമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി. കോണ്‍ഗ്രസ്സിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വോട്ട് മറിച്ചു നല്‍കി എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ബി.ജെ.പിയുടെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിച്ച സ്ഥലങ്ങളില്‍ 2016 ലെ വോട്ട് ഷെയറിനേക്കാള്‍ 80 ശതമാനത്തോളം കുറവുണ്ടായി. ഇത്തരത്തില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ചു. കേന്ദ്രസംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും പണക്കൊഴുപ്പും സാമൂഹ്യമാധ്യമങ്ങള്‍ വഴി സര്‍ക്കാരിന് അനുകൂലമാക്കാനുള്ള പി.ആര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് ആക്കം കൂട്ടി.
സി.എ.എ. നടപ്പിലാക്കുമെന്ന അമിത്ഷായുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്രത്തില്‍ ഭരണത്തിലില്ലാതിരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ കേരളത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി ന്യൂനപക്ഷവികാരമുണ്ടാക്കി. ഇത്തരത്തില്‍ മുസ്ലീം വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു.
2019 ല്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ 20 ല്‍ 19 സീറ്റും നേടി വന്‍ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും കോവിഡ് മഹാമാരി കാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിരുദ്ധവികാരം മുതലാക്കാനായില്ല. ഇതിന് സംഘടനാ ദൗര്‍ബല്യവും കാരണമായി.
അതേസമയം, കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ഉടന്‍ വേണമെന്ന് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡ് സമിതിയോട് ആവശ്യപ്പെട്ടു. ഊര്‍ജ്ജസ്വലരായ നേതാക്കള്‍ക്ക് മാത്രമേ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്നും അശോക് ചവാന്‍ അധ്യക്ഷനായ സമിതിക്കു മുമ്പില്‍ എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.
കെപിസിസി ഉള്‍പ്പെടെ ആള്‍ക്കൂട്ടമായി മാറിയെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നുമാണ് ചില എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടത്. കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പടെ പുനസംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. എംപിമാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ നേടിയതിനുശേഷം ചവാന്‍ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് കൈമാറും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും സംസ്ഥാന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !