തിരുവനന്തപുരം: കോവിഡ് മരണം സംബന്ധിച്ച പരാതിയുള്ളവർക്കും നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കാനും ഞായറാഴ്ച മുതൽ ഓൺലൈനായി അപേക്ഷ നൽകാം.
ഐ.സി.എം.ആറിന്റെ നിർദേശപ്രകാരം കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ളവരുടെയും സംസ്ഥാനസർക്കാരിന്റെ കോവിഡ് മരണപ്പട്ടികയിൽ ഇല്ലാത്തവരുടെയും ബന്ധുക്കൾക്കും പരാതിയുള്ളവർക്കുമാണ് അപേക്ഷ നൽകാൻ അവസരം. https://covid19.kerala.gov.in/deathinfo എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
മരണം സംബന്ധിച്ച പരാതി നൽകുന്നവർ സർട്ടിഫിക്കറ്റിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അവർക്ക് നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് പരിശോധനകൾക്കു ശേഷം ലഭിക്കുക.
ഓൺലൈനായി അപേക്ഷിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ അപേക്ഷിക്കാം. ഇവ പരിശോധിച്ച് ഔദ്യോഗിക മരണസർട്ടിഫിക്കറ്റ് നൽകും. ഓൺലൈനിലൂടെയാണ് അപേക്ഷയിൽ തീരുമാനമെടുക്കുന്നതും. അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.
അപേക്ഷിക്കേണ്ട വിധം
https://covid19.kerala.gov.in/deathinfo എന്ന പോർട്ടലിൽ മരിച്ചവരുടെ പട്ടികയിൽ നിങ്ങളുടെ ബന്ധുവിന്റെ പേര് ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ മാത്രം അപേക്ഷിക്കുക.
അപ്പീൽ റിക്വസ്റ്റ്
• അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന പേജിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പർ ആവശ്യപ്പെടാം. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകി 'വെരിഫൈ' ക്ലിക്ക് ചെയ്യണം.
• തുടർന്ന് വരുന്ന പേജിൽ തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണസർട്ടിഫിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്യണം. മരണസർട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളിൽ ആദ്യം കാണുന്നതാണ് കീ നമ്പർ.
• തദ്ദേശ സ്ഥാപനത്തിൽനിന്നു ലഭിച്ച മരണസർട്ടിഫിക്കറ്റിലെ പേര്, വയസ്സ്, ജെൻഡർ, പിതാവിന്റെ/മാതാവിന്റെ/ഭർത്താവിന്റെ പേര്, ആശുപത്രി രേഖകളിലെ മൊബൈൽ നമ്പർ, തദ്ദേശസ്ഥാപനത്തിലെ മരണസർട്ടിഫിക്കറ്റിലെ വിലാസം, ജില്ല, തദ്ദേശസ്ഥാപനത്തിന്റെ പേര്, മരണദിവസം, മരണസ്ഥലം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നൽകണം. ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ്ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നൽകണം.
സബ്മിറ്റ്
• നൽകിയ വിവരങ്ങൾ വീണ്ടും ഒത്തുനോക്കി 'സബ്മിറ്റ്' ചെയ്യണം. വിജയകരമായി അപേക്ഷ നൽകിക്കഴിഞ്ഞാൽ അപേക്ഷാ നമ്പർ അപേക്ഷകന്റെ മൊബൈൽ നമ്പറിൽ വരും. മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും ജില്ലാ കോവിഡ് മരണനിർണയ സമിതിക്കും (സി.ഡി.എ.സി.) അയച്ച ശേഷമാണ് അംഗീകരിക്കുക.
• 'അപ്പീൽ റിക്വസ്റ്റി'ൽ ക്ലിക്ക് ചെയ്ത് ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസ്സിൽ കയറിയാൽ നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാം. മരണദിവസവും അപേക്ഷാ നമ്പർ/മുമ്പ് നൽകിയ അപേക്ഷകന്റെ മൊബൈൽ നമ്പർ നിർബന്ധമായും നൽകണം. ശരിയായ വിവരങ്ങൾ നൽകിയാൽ അപേക്ഷയുടെ സ്ഥിതി അറിയാം.
സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ
ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് കിട്ടിയവർക്കു മാത്രമേ ഐ.സി.എം.ആർ. മാതൃകയിലുള്ള സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാവൂ. അതിനാൽ, ആവശ്യമുള്ളവർ മാത്രം മരണകാരണം രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതി. നിലവിൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾക്ക് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ആനുകൂല്യങ്ങൾക്ക് ആ സർട്ടിഫിക്കറ്റ് മതി.
• സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ പോർട്ടലിൽ കയറി ഐ.സി.എം.ആർ. സർട്ടിഫിക്കറ്റ് റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറും ഒ.ടി.പി. നമ്പറും നൽകണം.
• തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണസർട്ടിഫിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്യണം. ഇതിനുമുമ്പ് ആരോഗ്യവകുപ്പിൽനിന്നു കിട്ടിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പറും സർട്ടിഫിക്കറ്റിന്റെ കോപ്പിയും നൽകണം.
• സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തിൽനിന്നു ലഭിച്ച മരണസർട്ടിഫിക്കറ്റിലെ പേര്, പിതാവിന്റെ/മാതാവിന്റെ/ഭർത്താവിന്റെ പേര്, വയസ്സ്, മരണദിവസം, മരണം റിപ്പോർട്ടുചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നൽകണം. വേണ്ട തിരുത്തലുകൾ വരുത്തി 'സബ്മിറ്റ്' ചെയ്യാം.
• വിജയകരമായി സമർപ്പിച്ചവരുടെ മൊബൈൽ നമ്പറിൽ അപേക്ഷാ നമ്പർ ലഭിക്കും. ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണനിർണയ സമിതിക്ക് അയച്ച ശേഷം ഐ.സി.എം.ആർ. മാർഗനിർദേശമനുസരിച്ച് പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !