അബുദാബി: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റെടുത്ത ബാംഗ്ലൂരിനെ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിൽ 137 എന്ന സ്കോറിലൊതുക്കി.
അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടപ്പോൾ എട്ടു റൺസ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും മികച്ച രീതിയിൽ പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ ഹൈദരാബാദിന് മൂന്നാം ജയം നേടിക്കൊടുക്കുകയായിരുന്നു. ഡിവില്ലിയേഴ്സ് 13 പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ വിരാട് കോലിയെ (5) അവർക്ക് നഷ്ടമായി. പിന്നാലെ നാലാം ഓവറിൽ ഒരു റണ്ണുമായി ഡാനിയൽ ക്രിസ്റ്റിയനും മടങ്ങി. തുടർന്നെത്തിയ ശ്രീകർ ഭരത്തിനും (12) കാര്യമായ സംഭാവനകൾ നൽകാനായില്ല.
പിന്നാലെ ക്രീസിൽ ഒന്നിച്ച ദേവ്ദത്ത് പടിക്കൽ - ഗ്ലെൻ മാക്സ്വെൽ സഖ്യമാണ് ബാംഗ്ലൂർ ഇന്നിങ്സ് ട്രാക്കിലാക്കിയത്. 25 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്ത മാക്സ്വെൽ 15-ാം ഓവറിൽ പുറത്തായതോടെ ബാംഗ്ലൂർ പതറി.
പിന്നാലെ 17-ാം ഓവറിൽ 52 പന്തിൽ നിന്ന് നാലു ഫോറടക്കം 41 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ ഇഴച്ചിൽ ഇന്നിങ്സ് റാഷിദ് ഖാൻ അവസാനിപ്പിച്ചു. പിന്നാലെ ഒമ്പത് പന്തിൽ 14 റൺസുമായി ഷഹബാസ് അഹമ്മദും മടങ്ങി. ഒടുവിൽ അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടപ്പോൾ ഒരു സിക്സർ നേടിയെങ്കിലും ഡിവില്ലിയേഴ്സിനും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു.
38 പന്തിൽ നിന്ന് അഞ്ചു ഫോറടക്കം 44 റൺസെടുത്ത ജേസൺ റോയിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
ആദ്യം ബാറ്റെടുത്ത ഹൈദരാബാദിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായിരുന്നു. 13 റൺസെടുത്ത താരത്തെ ജോർജ് ഗാർട്ടനാണ് മടക്കിയത്.
പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച റോയ് - ക്യാപ്റ്റൻ കെയ്ൻ വില്യംസൺ സഖ്യം ഹൈദരാബാദിനെ 84 റൺസ് വരെയെത്തിച്ചു. 70 റൺസ് ചേർത്ത ഈ കൂട്ടുകെട്ട് 12-ാം ഓവറിൽ ഹർഷൽ പട്ടേൽ പൊളിച്ചു. 29 പന്തിൽ നിന്നും നാല് ഫോറടക്കം 31 റൺസെടുത്ത വില്യംസണെ ഹർഷൽ ബൗൾഡാക്കുകയായിരുന്നു.
തുടർന്നെത്തിയ പ്രിയം ഗാർഗ് ഇത്തവണയും നിരാശപ്പെടുത്തി. 15 റൺസെടുത്ത ഗാർഗിനെ ഡാനിയൽ ക്രിസ്റ്റ്യൻ മടക്കി. ഇതേ ഓവറിൽ തന്നെ ജേസൺ റോയിയേയും മടക്കിയ ക്രിസ്റ്റ്യൻ സൺറൈസേഴ്സ് സ്കോറിങ്ങിന് കടിഞ്ഞാണിട്ടു.
അബ്ദുൾ സമദ് (1), വൃദ്ധിമാൻ സാഹ (10), ജേസൺ ഹോൾഡർ (16) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !