വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ വിൻഡീസിനെ 96 റൺസിന് തകർത്താണ് ഇന്ത്യ സമ്പൂർണ ജയം നേടിയത്. ആതിഥേയർ നേടിയ 265 റൺസ് പിന്തുടർന്ന വെസ്റ്റിൻഡീസ് 37.1 ഓവറിൽ 169 റൺസിന് പുറത്തായി. 18 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും സഹിതം 36 റൺസെടുത്ത ഒഡീൻ സ്മിത്താണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ, തുടക്കത്തിൽതന്നെ വിൻഡീസിന്റെ തകർച്ച ആരംഭിച്ചു. നാലാം ഓവറിന്റെ രണ്ടാം പന്തിൽ മുഹമ്മദ് സിറാജ് ഓപ്പണർ ഷായ് ഹോപ്പിനെ (9 പന്തിൽ 5) വിക്കറ്റിനു മുന്നിൽ കുരുക്കി. വിൻഡീസ് സ്കോർബോർഡിൽ അപ്പോൾ 19 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ ഓപ്പണർ ബ്രൻഡൻ കിങ്ങിനെയും (13 പന്തിൽ 14) ഷർമാർ ബ്രൂക്സിനെയും (പൂജ്യം) പുറത്താക്കി ദീപക് ചാഹറിന്റെ ഇരട്ടപ്രഹരം. ഇതോടെ അഞ്ച് ഓവറിൽ മൂന്നിന് 25 എന്ന നിലയിൽ പരുങ്ങലിലായി വിൻഡീസ്.
പിന്നീട്, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലായി. ഡാരൻ ബ്രാവോ (30 പന്തിൽ 19), നിക്കോളാസ് പുരാൻ (39 പന്തിൽ 34), ജയ്സൻ ഹോൾഡർ (12 പന്തിൽ 6), ഫാബിയൻ അലൻ (പൂജ്യം) ഒഡീൻ സ്മിത്ത് (18 പന്തിൽ 36), അൽസാരി ജോസഫ് (56 പന്തിൽ 29) ഹെയ്ഡൻ വാൽഷ് (38 പന്തിൽ 13) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒൻപതാം വിക്കറ്റിൽ അൽസാരി ജോസഫും ഹെയ്ഡൻ വാൽഷും ചേർന്ന് 47 റൺസ് നേടി. കെമാർ റോച്ച് (പൂജ്യം*) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ദീപക് ചാഹറും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതവും നേടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !