തിരുവനന്തപുരം| വിയോജിപ്പുകൾക്കൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണറുടെ അംഗീകാരം. നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി വൈകിപ്പിച്ചതോടെ സഭ ചേരുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫിനു പെൻഷൻ നൽകുന്ന വിഷയത്തിലാണ് പ്രധാനമായും ഗവർണർ വിയോജിച്ചത്. തന്റെ പഴ്സനൽ സ്റ്റാഫിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയെ നിയമിച്ചതു സംബന്ധിച്ച് സർക്കാർ വിയോജന കത്ത് നൽകിയതും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഗവർണറെ പ്രേരിപ്പിച്ചതായി സൂചനയുണ്ട്.
സർക്കാരിനു വേണ്ടി വിയോജന കത്തു നൽകിയ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് ഗവർണർ പ്രസംഗത്തിന് അംഗീകാരം നൽകിയത്. നിയമസഭാ സമ്മേളനം ചേരാൻ നേരത്തേ ഗവർണർ അനുമതി നൽകിയിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രാവിലെ 9 മണിക്കു സഭാ സമ്മേളനം ആരംഭിക്കുന്നത്. സ്ഥിരം ജീവനക്കാർ പങ്കാളിത്ത പെൻഷനു വിഹിതം നൽകുമ്പോൾ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു ഇതൊന്നുമില്ലാതെ പെൻഷൻ നൽകുന്നതു ശരിയല്ലെന്നാണു ഗവർണറുടെ നിലപാട്. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചു ഗവർണർക്കു എതിർപ്പില്ലായിരുന്നു.
ഉച്ചയ്ക്കു മുഖ്യമന്ത്രി രാജ്ഭവനിലെത്തി ചർച്ച നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. മുഖ്യമന്ത്രിയും ഗവർണറുമായുള്ള ചർച്ച അരമണിക്കൂറോളം നീണ്ടു. പിന്നാലെ, ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പഴ്സനൽ സ്റ്റാഫിൽ രണ്ടു വർഷം പൂർത്തിയാക്കിയാൽ പെൻഷൻ നൽകുന്നതിനോടു യോജിക്കാനാകില്ലെന്നാണു ഗവർണരുടെ നിലപാട്. ഇതു സംബന്ധിച്ച് സിഎജിയുമായും അദ്ദേഹം ചർച്ച നടത്തി. വൈകിട്ടോടെ പൊതുഭരണ സെക്രട്ടറിയെ മാറ്റിയ ഉത്തരവ് രാജ്ഭവനിലെത്തിയതോടെ പ്രസംഗത്തിനു ഗവർണർ അംഗീകാരം നൽകി.
ഇതാദ്യമായല്ല നിയമസഭാ സമ്മേളനവുമായും നയപ്രഖ്യാപന പ്രസംഗവുമായും ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ തർക്കം ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമം പിൻവലിക്കണമെന്ന നിയമസഭാ പ്രമേയത്തിനു ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ലെന്ന് 2020ൽ ഗവർണർ വ്യക്തമാക്കിയതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. പിന്നാലെ, നിയമസഭയിൽ താൻ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമർശങ്ങൾ പുനഃപരിശോധിക്കണമെന്ന് ഗവർണർ സർക്കാരിനു കത്ത് നൽകി.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മാറ്റാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്. പൗരത്വ വിഷയത്തെക്കുറിച്ചു പറയുന്ന പ്രസംഗത്തിലെ 18–ാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവർണർ സർക്കാരിനെ അറിയിച്ചു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കിയ ചരിത്രമുണ്ടെങ്കിലും വായിക്കില്ലെന്ന് മുൻകൂട്ടി അറിയിക്കുന്നത് ആദ്യമായിരുന്നു. എന്നാൽ, നിലപാട് മാറ്റിയ ഗവർണർ വിയോജിക്കുന്നുവെന്ന മുഖവുരയോടെ പ്രസംഗം വായിക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !