ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടു. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല.
സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കപിൽ സിബൽ മാധ്യമങ്ങളെ കണ്ടു. താൻ കോൺഗ്രസ് വിട്ടുവെന്നും രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമായി ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കപിൽ സിബൽ രാജ്യസഭയിലേക്ക് എസ്പി ടിക്കറ്റിൽ സിബൽ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് സമാജ്‌വാദി പാർട്ടി രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരെണ്ണം വീതം ആർഎൽഡി മേധാവി ജയന്ത് ചൗധരിക്കും സിബലിനും നൽകിയേക്കും.
അഖിലേഷ് യാദവ്, അസം ഖാൻ എന്നിവരുൾപ്പെടെ നിരവധി എസ്പി നേതാക്കളുമായി സിബൽ ഊഷ്മളമായ ബന്ധം പുലർത്തി വരികയായിരുന്നു. അടുത്തിടെ ജയിലിൽ കഴിയുന്ന അസം ഖാന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി ഇടക്കാല ജാമ്യം നേടിക്കൊടുത്തത് കപിൽ സിബൽ ആയിരുന്നു.
2017-ൽ പാർട്ടിയുടെ സൈക്കിൾ ചിഹ്നം നിലനിർത്താൻ അദ്ദേഹം അഖിലേഷിനെ സഹായിച്ചു, സമാജ് വാദി പാർട്ടി ഏറ്റവും കടുത്ത പ്രതിസന്ധിൽ ഉൾപ്പെട്ട സമയത്താണ് സിബൽ സഹായിച്ചത്. നിയമപോരാട്ടത്തിൽ അസംഖാന് സിബൽ നൽകിയ സഹായത്തിന് പകരം സമാജ്‌വാദി പാർട്ടി ഉചിതമായ പ്രതിഫലം നൽകാൻ ശ്രമിക്കുന്നതായി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് അതിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമായി പ്രഖ്യാപിക്കാൻ എസ്പി ഈ വാരാന്ത്യത്തിൽ അതിന്റെ എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗം വിളിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. മത്സരിക്കുന്ന 11 സീറ്റുകളിൽ അഞ്ച് ബിജെപിക്കും മൂന്ന് എസ്പിക്കും രണ്ട് ബിഎസ്പിക്കും ഒരെണ്ണം കോൺഗ്രസിനും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ജയന്ത് ചൗധരി രാജ്യസഭയിൽ എത്തിയാൽ, 2009-2014 വരെ ലോക്‌സഭയിൽ മഥുരയെ പ്രതിനിധീകരിച്ച അദ്ദേഹം എട്ട് വർഷത്തിന് ശേഷം പാർലമെന്റിൽ തിരിച്ചെത്തും.
Content Highlights: Senior Congress leader Kapil Sibal has left the Congress
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !