ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ വിലക്ക് ലംഘിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍.
നിരോധനാജ്ഞ പ്രഖ്യാപിച്ച എഐസിസി ആസ്ഥാനത്ത് നിന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് തിരിച്ചത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം കാല്‍നടയായി യാത്ര ചെയ്തു. അതേസമയം ഇഡി ഓഫിസില്‍ എത്തുന്നതിന് മുമ്പ് മുതിര്‍ന്ന നേതാക്കളെ പോലീസ് തടഞ്ഞു.
രാഹുലിനെ മാത്രമാണ് ഇഡി ഓഫീസിന്റെ പരിസരത്തേയ്ക്ക് കടത്തിവിട്ടത്. മുഖ്യമന്ത്രിമാരും എംപിമാരും അടക്കമുള്ളവരെ പോലീസ് തടഞ്ഞെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനവുമായി രാഹുലിനെ അനുഗമിച്ചെങ്കിലും വഴിയില്‍ വച്ച് പോലീസ് ഇവരെ ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ രാഹുലിനൊപ്പം വീണ്ടും മുന്നിലേക്ക് നടന്നെങ്കിലും ഇഡി ഓഫീസ് എത്തുന്നതിന് മുമ്പ് ഇവരെയും തടഞ്ഞു. രാജസ്ഥാന് മുഖ്യമന്ത്രി അശോഖ് ഗെഹ്ലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ദിഗ് വിജയ് സിംഗ്, പി ചിദംബരം, ജയറാം രമേശ്, സച്ചിന് പൈലറ്റ്, മുകുള്‍ വാസ്നിക്, ഗൗരവ് ഗൊഗോയ്, രാജീവ് ശുക്ല എന്നിരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രാഹുലിനെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുന്ന മുഴുവന്‍ സമയവും പുറത്ത് സത്യാഗ്രഹം നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.
അതേസമയം ഇഡി ഓഫിസിനു പരിസരത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇഡി ഓഫിസ് സ്ഥിതി ചെയ്യുന്ന അബ്ദുൾ കലാം റോഡിന് പരിസരപ്രദേശങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെയെല്ലാം പോലീസ് രാഹുല്‍ എത്തുന്നതിന് മുമ്പ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസുണ്ടാക്കുകയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ പതിഷേധം. രാജ്യത്തെ ഇരുപത്തഞ്ചോളം ഇഡി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇഡി നോട്ടീസ് നല്‍കിയത്. കേസില്‍ ഇഡിക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല.
2013-ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നല്കിയ പരാതി പരിഗണിച്ചാണ് കോണ്‍ഗ്രസ് പിന്തുണയുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനെതിരെ ഇഡി കേസെടുത്തത്.
Content Highlights: Congress leaders violate ban; Chief ministers and others were blocked
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !