പാർട്ടിയുടെ പേരിൽ വിവിധ ആളുകളിൽ നിന്നായി ലക്ഷകണക്കിന് രൂപ കൈപ്പറ്റിയെന്ന ആരോപണത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് നടപടി.
പാര്‍ട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിച്ചെന്ന് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
നാല് ജില്ലാ അധ്യക്ഷന്മാരാണ് പരാതി നല്‍കിയിരുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങി. അനധികൃതമായി പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു.
ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.
സന്ദീപിനെതിരെ ഉയർന്ന ആരോപണങ്ങൾ.
പെട്രോൾ പമ്പിന് അനുമതി വാങ്ങിതരാം എന്ന് പറഞ്ഞ് തൃശ്ശൂരിലെ വ്യവസായിയിൽ നിന്ന് 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. ജില്ലാ പ്രസിഡന്‍റ് കെ. കെ അനീഷ് കുമാറാണ് സംസ്ഥാന നേതൃത്വത്തിന് ആദ്യ പരാതി നൽകിയത്.
വയനാട്ടിൽ ടൂറിസം പദ്ധതിയുടെ പേരിൽ പണപിരിവ് നടത്തിയെന്നും കർഷക നേതാക്കളിൽ നിന്നും പണം കൈപ്പറ്റിയെന്നുമാണ് ആരോപണം. കൂടാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ജില്ലയിലെത്തിയപ്പോൾ ജില്ലാ പ്രസിഡന്‍റിനെ മറികടന്ന് പരിപാടികൾ നടത്തിയത് ജില്ലാ ഘടകം ചോദ്യം ചെയ്തിരുന്നു. ജില്ലയുടെ സഹപ്രഭാരി ചുമതലയുള്ള സന്ദീപ് ജില്ലാ കമ്മിറ്റിയെ മറികടന്ന് പലതീരുമാനങ്ങളും നടപ്പാക്കുന്നതിലുള്ള അമർഷം ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിക്കുകയും ചെയ്തു.
മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികളും പണപിരിവ് പരാതി ഉയർത്തിയിട്ടുണ്ട്. പാർട്ടിക്കുള്ള ഫണ്ടിന് സ്വന്തം അക്കൗണ്ട് നമ്പർ നൽകിയെന്നതടക്കമുള്ളതാണ് ആരോപണം. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ സംസ്ഥാന നേതൃത്വത്തെ വിമർശിക്കുന്ന ബിജെപി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത് സന്ദീപ് വാര്യരാണെന്ന് ഔദ്യോഗിക പക്ഷം വിമർശിക്കുന്നുണ്ട്.
സന്ദീപിന്‍റെ പല നിലപാടുകളിലും ഔദ്യോഗിക പക്ഷത്തിന് കടുത്ത വിയോജിപ്പുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും കേന്ദ്ര മന്ത്രി വി. മുരളീധരനും നയിക്കുന്ന ബിജെപിയിലെ ഔദ്യോഗിക പക്ഷത്തോടുള്ള എതിർപ്പ് ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുള്ളയാളാണ് സന്ദീപ് വാര്യർ. അതുകൊണ്ട് തന്നെ ഗ്രൂപ്പ് വൈരമാണ് അച്ചടക്ക നടപടിക്ക് കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടിയോട് ആലോചിക്കാതെ സ്വന്തം നിലയിൽ സന്ദീപ് വിവിധ പരിപാടികൾ നടത്തുന്നതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്.
ചാനൽ ചർച്ചകളിലൂടെയാണ് യുവ നേതാവായ സന്ദീപ് ശ്രദ്ധേയനാകുന്നത്. ഹലാൽ വിഷയത്തിൽ പാർട്ടി വിരുദ്ധ സമീപനം സ്വീകരിച്ചതിനെ തുടർന്ന് ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സന്ദീപിനെ നേരത്തെ ബിജെപി വിലക്കിയിരുന്നു.
Content Highlights: Lakhs hit; Sandeep Warrier has been sacked as BJP spokesperson
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !