ദോഹ : പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നേടിയ ഗോളിൽ അർജന്റീനയ്‌ക്കെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ. 77–ാം മിനിറ്റിലാണ് ഓസ്ട്രേലിയ ഒരു ഗോൾ മടക്കിയത്. മത്സരം അവസാന 10 മിനിറ്റിലേക്കു കടക്കുമ്പോൾ അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ് ചെയ്യുകയാണ്. നേരത്തേ, ഗോൾപോസ്റ്റിനു മുന്നിൽ അനാവശ്യമായി പന്തു തട്ടിക്കളിച്ച ഓസീസ് താരങ്ങളുടെ പിഴവിലാണ് ജൂലിയൻ അൽവാരസിലൂടെ അർജന്റീന രണ്ടാം ഗോൾ നേടിയത്. ആദ്യ ഗോൾ 35–ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസ്സി നേടി. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ മെസ്സിയുെട ആദ്യ ഗോൾ കൂടിയാണിത്.
അർജന്റീന ഗോൾമുഖത്തേക്ക് ഓസ്ട്രേലിയ നടത്തുന്ന മുന്നേറ്റങ്ങളെല്ലാം ഫലമില്ലാതെ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഓസ്ട്രേലിയ ഒരു ഗോൾ മടക്കിയത്. അർജന്റീന ഗോൾമുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്‌വിൻ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയിൽ കയറുകയായിരുന്നു. ഗോൾകീപ്പർ എമിലിനായോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി മാറ്റി ഗോൾ. സ്കോർ 1–2.
നേരത്തെ, സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നതിനു പകരം പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീന രണ്ടാം ഗോൾ നേടിയത്. അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന സമ്മർദ്ദം ചെലുത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ സമ്മർദ്ദം ചെലുത്തി ഓടിയെത്തിയതോടെ ഗോൾകീപ്പറിനു പിഴച്ചു. പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തഴുകിവിട്ടു. സ്കോർ 2–0.
പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന ആദ്യപകുതിയിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് മെസ്സിയിലൂടെ അർജന്റീന ലീഡ് നേടിയത്.
അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഫലം, പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി, ഓടിയെത്തിയ മെസ്സിക്ക് കാൽപ്പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിൽ. സ്കോർ 1–0.
പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം അലെസാന്ദ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ഡെൻമാർക്കിനെ തോൽപ്പിച്ച ടീമിൽ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തി. ഇടതുവിങ്ങിൽ ബക്കൂസിനു പകരം ഗുഡ്‌വിൻ എത്തി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Australia defeated Argentina in the quarter-finals
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !