സംസ്ഥാന സ്കൂൾ കായികമേളയിൽ തവനൂർ ഐഡിയൽ ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന തലത്തിൽ ചാമ്പ്യൻപട്ടം നേടിയിരുന്നു.പല സ്കൂളുകളെയും പിന്തള്ളിയാണ് ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്.
തൻ്റെ മണ്ഡലമായ തവനൂരിലെ ഐഡിയൽ സ്കൂളിൻ്റെ വിജയം ആരും 'സ്പോർട്ട്സ് ജിഹാദാ'യി വിശേഷിപ്പിക്കരുതെന്ന പരിഹാസവുമായാണ് കെ.ടി.ജലീൽ എം.എൽ.എ തൻ്റെ പുതിയ എഫ്.ബി പോസ്റ്റുമായി വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പേജിൻ്റ പൂർണ്ണരൂപം:
ഐഡിയൽ സ്കൂൾ നേട്ടത്തിൻ്റെ നെറുകിൽ; അഭിനന്ദനങ്ങൾ
സംസ്ഥാന സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലയെ 146 പോയിൻ്റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിയത്, സ്വന്തമായി 66 പോയിൻ്റ് നേടി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തവനൂർ കടകശ്ശേരി ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂളാണ്.
64 വർഷത്തെ സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം ജില്ല കായിക രംഗത്ത് ഇത്രയും വലിയ മുന്നേറ്റം കാഴ്ചവെക്കുന്നത്. അതിന് മലപ്പുറത്തെ പ്രാപ്തമാക്കിയതിൽ ഐഡിയൽ സ്കൂളിൻ്റെ പങ്ക് നിസ്തുലമാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി തവനൂർ മണ്ഡലത്തിലെ ഈ വിദ്യാലയം ജില്ലാതല കായിക മൽസരങ്ങളിൽ ചാമ്പ്യൻപട്ടം നേടുന്നത് പതിവു കാഴ്ചയാണ്. എന്നാൽ ആദ്യമായിട്ടാണ് സംസ്ഥാന തലത്തിൽ ജേതാപട്ടം ചൂടുന്നത്.
മുൻവർഷങ്ങളിലെല്ലാം മുമ്പിൽ എത്താറുള്ള പല സ്കൂളുകളയും പിന്തള്ളിയാണ് ഐഡിയൽ സ്കൂളിലെ മിടുക്കികളും മിടുക്കരും വിസ്മയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.
കണ്ണഞ്ചിപ്പിക്കുന്ന ഈ വിജയത്തിന് നേതൃത്വം നൽകിയ കോച്ച് നദീഷ് ചാക്കോ, ടീം മാനേജർ ഷാഫി അമ്മായത്ത് എന്നിവരെയും 7 സ്വർണ മെഡലുകളടക്കം 20 മെഡലുകൾ നേടി ചരിത്രം തിരുത്തിക്കുറിച്ച കായിക പ്രതിഭകളെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഇവർക്ക് പരിശീലനങ്ങൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിയ ഐഡിയൽ ട്രസ്റ്റ് ചെയർമാൻ കുഞ്ഞാവുഹാജി, സെക്രട്ടറി ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് അടക്കമുള്ള മുഴുവൻ ട്രസ്റ്റ് ഡയറക്ടർമാരെയും അനുമോദിക്കുന്നു.
മലപ്പുറവും മലപ്പുറത്തെ വിദ്യാലയങ്ങളും പഠന മേഖലയിലെന്ന പോലെ പാഠ്യേതര രംഗത്തും മുന്നേറ്റ പാതയിലാണ്. അതിൻ്റെ നായകത്വമാണ് ഐഡിയൽ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്. ഇനിയും ഒരുപാട് വിജയ സോപാനങ്ങൾ കയറാൻ കടകശ്ശേരി ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂളിന് കഴിയട്ടെ എന്നാശംസിക്കുന്നു.
അക്കാദമിക് മേഖലയിലും സംസ്ഥാനത്ത് നൂറുമേനി വിളയുന്ന സ്ഥാപനമാണ് ഐഡിയൽ സ്കൂൾ. അരിശവും അസൂയയും മൂത്ത് ''ആരും" മലപ്പുറത്തെ ഐഡിയലിൻ്റെ വിജയത്തെ "സ്പോർട്സ് ജിഹാദ്" എന്ന് വിശേഷിപ്പിക്കാതിരുന്നാൽ ഭാഗ്യം.
Content Highlights: The success of Malappuram 'Ideal'.. No one Do not describe it as 'spots Jihad'.. Dr.K.T.Jalil
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !