യാത്രക്കിടെ ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉൾവശം കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ കെഎസ്ആർടിസി ജോലിയിൽ നിന്നു ഒഴിവാക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവർ എസ്എൻ ഷിജിയെയാണ് പരാതിയെ തുടർന്നു ജോലിയിൽ നിന്നു നീക്കിയത്.
വ്യാഴാഴ്ചയാണ് കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്.
നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്റെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നിരുന്നത്. പല്ലിന് രോഗബാധയുള്ളതിനാൽ പെൺകുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും കഴിച്ചിരുന്നു. തുടർന്ന് യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾ സൂപ്രണ്ടിന്റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്തെ വാഷ് ബെയ്സണിൽ നിന്ന് കപ്പിൽ വെള്ളം പിടിച്ച് ഇരുവരും ചേർന്ന് ബസ് കഴുകി വൃത്തിയാക്കുകയായിരുന്നു.
അതിനു ശേഷമാണ് ഇവരെ പോവാൻ അനുവദിച്ചത്. കെഎസ്ആർടിസി ഡ്രൈവറിന്റെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി ബസ് കഴുകിച്ചത്.
Content Highlights: Bus washed with vomited girl; KSRTC driver lost his job.in
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !