സാമ്പത്തിക വികസന കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകികൊണ്ട് സൗദി അറേബ്യ പൊതുബജറ്റ് അവതരിപ്പിച്ചു.


മൻസൂർ എടക്കര

ജിദ്ദ: രാജ്യത്തിന്റെ സാമ്പത്തിക വികസന കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകികൊണ്ട് സൗദി അറേബ്യ അടുത്ത വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര മന്ത്രി സഭ യോഗം ബജറ്റിന് അംഗീകാരം നൽകി.

രാജ്യത്ത് സുരക്ഷയും സമാധാനവും ഭദ്രതയും നിലനിൽക്കുന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് മുഴുവൻ വിഭവങ്ങളും ശേഷികളും പ്രയോജനപ്പെടുത്തി പ്രവർത്തനം തുടരുമെന്ന്  സൽമാൻ രാജാവ് പറഞ്ഞു. വിദേശികള്‍ക്കുള്ള ലെവിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. 1020 ബില്യൺ റിയാൽ നീക്കിവെച്ച ബജറ്റിൽ പ്രതീക്ഷിക്കുന്ന പൊതുവരുമാനം 833 ബില്യൺ റിയാലാണ്. 187 ബില്യൺ റിയാലാണ് കമ്മി കണക്കാക്കുന്നത്. ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് പുതിയ ബജറ്റ് അവതരിപ്പിച്ചത്.

എണ്ണയിതര വരുമാനം വർധിപ്പിക്കുന്ന പദ്ധതികളുടെ വിജയമാണ് ബജറ്റ് നൽകുന്ന സൂചന. പുതിയ ബജറ്റിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകുന്നു. ആരോഗ്യ, സാമൂഹിക വികസന മേഖലക്ക് 167 ബില്യൺ റിയാലും വിദ്യാഭ്യാസ മേഖലക്ക് 193 ബില്യൺ റിയാലും നീക്കിവെച്ചിട്ടുണ്ട്. ആകെ ബജറ്റിന്റെ 35 ശതമാനവും ആരോഗ്യ, സാമൂഹിക വികസന, വിദ്യാഭ്യാസ മേഖലകൾക്കാണ് നീക്കിവെച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം,  2019 ലെ ബജറ്റ് ചിലവിനേക്കാൾ കുറവായിരിക്കും 2020 ൽ ഉണ്ടായിരിക്കുക. സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്ന പദ്ധതികൾ തുടരും. സർക്കാർ തുടരുമെന്നും മന്ത്രി പറഞ്ഞു.

പൗരന്മാർക്കു വേണ്ടി അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുക, സാമൂഹിക ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തുക, സർക്കാർ സേവനങ്ങൾ നവീകരിക്കുക, ജീവിത നിലവാരം ഉയർത്തുക, ഭവന പദ്ധതികൾക്ക് പിന്തുണ നൽകുക എന്നിവക്കുള്ള സർക്കാർ നയത്തിന്റെ തുടർച്ചയാണ് ഈ ബജറ്റ്. ഉയർന്ന ജീവിതച്ചെലവ് നേരിടുന്നതിന് പൗരന്മാരെ സഹായിക്കുന്ന പ്രത്യേക അലവൻസ് വിതരണം അടുത്ത വർഷാവസാനം വരെ തുടരുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബജറ്റിൽ ഉൾപ്പെടുത്തിയ വികസന, സാമൂഹിക പദ്ധതികൾ ഫലപ്രദമായി നടപ്പാക്കണമെന്നാണ് ബന്ധപ്പെട്ട മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള നിർദേശം.  


Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !