തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ രാവിലെ മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷണം ആവശ്യമായ കുടുംബങ്ങള്‍ക്കും ആളുകള്‍ക്കും ഭക്ഷണം വീട്ടിലെത്തിച്ചു കൊടുക്കും. ഇതിന് ജനകീയ ഹോട്ടലുകള്‍ പലസ്ഥലത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ എത്രയാളുകള്‍ക്ക് ഭക്ഷണം ആവശ്യമുണ്ടെന്ന് കണക്കാക്കി കമ്മ്യൂണിറ്റി കിച്ചണുകള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിക്കും. അതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരുമെന്നും മുഖ്യമന്ത്രി. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും.
ഹോട്ടലുകളുടേയും തട്ടുകടകളുടേയും കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. തട്ടുകടകള്‍ ലോക്ക്ഡൗണ്‍ കാലത്ത് തുറക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹോട്ടലുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴര വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. പാര്‍സല്‍ സര്‍വീസ് മാത്രമാണ് അനുവദനീയമായിട്ടുള്ളത്.
അതേസമയം അനാവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാം. പൊലീസില്‍ നിന്ന് പാസ് കൈപ്പറ്റണം എന്ന് മാത്രം. വളരെ അത്യാവശ്യ കാര്യമാണെങ്കില്‍ സ്വയം സത്യവാങ്മൂലം തയ്യാറാക്കി കരുതിയാല്‍ മതിയാകും. ആരെയും ബുദ്ധിമുട്ടിയ്ക്കാനല്ല ലോക്ക്ഡൗണ്‍ എന്നും മഹാമാരിയില്‍ നിന്ന് കരകയറാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !