നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ (Nilambur by election ) തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ( PV Anvar ) ആകെ 52.21 കോടിയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 20.60 കോടി രൂപയുടെ കടബാധ്യതയുണ്ട്. കൈവശമുള്ളത് 25,000 രൂപയാണ്. നിക്ഷേപവും മറ്റും ആകെ 18.14 കോടി രൂപ. 10 കേസുകളും തനിക്കെതിരെ ഉണ്ടെന്ന് അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യം 34.07 കോടി രൂപയാണെന്ന് അന്‍വര്‍ വ്യക്തമാക്കുന്നു. ഒരു ഭാര്യയുടെ പേരില്‍ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരില്‍ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴില്‍ 'ഗൃഹഭരണം' എന്നാണ് അന്‍വറിന്റെ മറുപടി. വ്യവസായ സംരംഭമാണ് തൊഴില്‍. വരുമാന സ്രോതസ് കച്ചവടം എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയ്ക്ക് പുറമേ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫിസ് ആക്രമണം, ഉന്നതോദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍, ഔദ്യോഗിക രഹസ്യം മാധ്യമങ്ങള്‍ക്ക് നല്‍കല്‍, ആശുപത്രിയില്‍ അതിക്രമം കാണിക്കല്‍, പ്രകോപനപരമായ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളുണ്ട്. ഇതിനു പുറമേ ഹൈക്കോടതിയിലും കണ്ണൂര്‍ കോടതിയിലും വ്യവഹാരങ്ങളുണ്ട്. മനാഫ് വധക്കേസില്‍ വിട്ടയച്ചതിനെ മനാഫിന്റെ സഹോദരന്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയിലുണ്ടെന്നും അന്‍വര്‍ വിശദീകരിക്കുന്നു.
നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന് ആകെ ആസ്തി 63.90 ലക്ഷം രൂപയാണ്. 9 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 1,200 രൂപ. നിക്ഷേപം അടക്കം ആകെ 1.40 ലക്ഷം രൂപയുടെ ജംഗമ ആസ്തി. ഭൂമിയടക്കമുള്ള സ്ഥാവര ആസ്തിയുടെ ആകെ മൂല്യം 62.55 ലക്ഷം. ജീവിതപങ്കാളിയുടെ ആകെ സ്വത്ത് മൂല്യം 94.91 ലക്ഷമാണ്. ബാധ്യത 25.47 ലക്ഷം. 18 ലക്ഷം രൂപ മൂല്യം വരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളുണ്ട്. ഇതടക്കം ആകെ 74.91 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഭൂമിയടക്കമുള്ള സ്വത്തിന്റെ മൂല്യം 20 ലക്ഷം രൂപ. ഭാര്യയുടെ പേരില്‍ 2 വാഹനങ്ങളുണ്ട് എന്നും സ്വരാജ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വരാജിനെതിരെ ഒരു കേസുമുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഷൗക്കത്തിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. ഇവ രണ്ടും മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറുമായി ബന്ധപ്പെട്ടതാണ്. നിലമ്പൂരില്‍ ആകെ 12 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
Content Summary: PV Anwar has assets worth Rs 52 crore, Swaraj has assets worth Rs 63 lakh; Here is the details of the candidates' assets...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !