സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ആക്ട് തിരൂരും ചേർന്നൊരുക്കിയ ഓണം ടൂറിസം വാരാഘോഷത്തിന്റെ ജില്ലാതല സമാപനവും പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും തിരൂർ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗണ്‍ ഹാളിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തുക ചടങ്ങിൽ സ്പീക്കർക്ക് കൈമാറി. പുനരധിവാസത്തിനായി തവനൂർ പഞ്ചായത്തിലെ സഹദേവൻ എന്ന വ്യക്തി നൽകിയ 12 സെന്റ് ഭൂമിയുടെ രേഖ കൈമാറി. പ്രളയത്തെത്തുടർന്ന് ബിയ്യം കായൽ, പൂരപ്പുഴ വള്ളം കളിയിൽ മാത്രം ഒതുക്കിയ ഓണാഘോഷമായിരുന്നു ജില്ലയിൽ ഇത്തവണ സംഘടിപ്പിച്ചിരുന്നത്. ആശാ ശരത്തും സംഘവും നൃത്തം അവതരിപ്പിച്ചു.
കേരളത്തിന്റെ പ്രധാന കലാരൂപങ്ങൾ ഇടവേളകളില്ലാതെ അവതരിപ്പിച്ച ദേവഭൂമികക്ക് ദൃശ്യാവിഷ്കാരം ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ് കുമാറായിരുന്നു നൽകിയത്. വി. അബ്ദു റഹ്മാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ മുനിസിപ്പൽ ചെയർമാൻ കെ. ബാവ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സി.പി റംല, വൈസ് ചെയർപേഴ്സണ്‍ പി.സഫിയ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, ഡിടിപിസി എക്സിക്യുട്ടീവ് മെംബർമാരായ വി.പി അനിൽ, മോഹൻദാസ്, നരസഭ കൗണ്‍സിലർമാരായ കെ.പി ഹുസൈൻ, മുനീറ കിഴക്കാം കുന്നത്ത്, ചെരാട്ടയിൽ കുഞ്ഞീതു, നിർമല കുട്ടികൃഷ്ണൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.


