പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ മന്ത്രി ഇടപെട്ട് ജയിപ്പിച്ചതായി വിവാദം. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട്് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. കൊല്ലത്തെ സ്വകാര്യ കോളജ് വിദ്യാർഥി ബി.ടെക് ആറാം സെമസ്റ്റർ പരീക്ഷയിൽ ഒരു പേപ്പറിൽ തോറ്റിരുന്നു. പുനഃപരിശോധന നടത്തിയിട്ടും വിദ്യാർഥി വിജയിച്ചില്ല.
എന്നാൽ, പിന്നീട് മന്ത്രിയുടെ നേതൃത്വത്തിൽ സാേങ്കതിക സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിൽ പരാതിയുമായി എത്തിയ വിദ്യാർഥിയുടെ പേപ്പർ ചട്ടവിരുദ്ധമായി മന്ത്രിയുടെ നിർദേശപ്രകാരം വീണ്ടും മൂല്യനിർണയം നടത്തിയെന്നും ഇതുവഴി വിദ്യാർഥി ജയിച്ചെന്നുമാണ് പരാതി. പുനർമൂല്യനിർണയത്തിനുശേഷം വീണ്ടും മൂല്യനിർണയം നടത്താൻ വ്യവസ്ഥയില്ലെന്നിരിക്കെ മന്ത്രി നടത്തിയത് ചട്ടലംഘനവും അധികാരദുർവിനിയോഗവുമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൽ കമ്മിറ്റി ഭാരവാഹികളായ ആർ.എസ്. ശശികുമാറും എം. ഷാജർഖാനും പരാതിയിൽ പറയുന്നു. മന്ത്രിക്കെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, ആരോപണങ്ങൾ മന്ത്രി കെ.ടി. ജലീൽ നിഷേധിച്ചു. മിക്ക സെമസ്റ്ററുകളിലും ഒമ്പതിന് മുകളിൽ സി.ജി.പി.എ സ്കോറോടുകൂടി വിജയിച്ച വിദ്യാർഥിയുടെ പരാതി അദാലത്തിൽ വന്നപ്പോൾ അവിടെ സന്നിഹിതരായ വൈസ് ചാൻസലർ ഉൾപ്പെടെ അക്കാദമിക വിദഗ്ധരുടെ വിശകലനത്തിെൻറ അടിസ്ഥാനത്തിൽ പ്രത്യേക കേസായി പരിഗണിക്കണമെന്ന നിർദേശം ഉയർന്നു.
ആവശ്യമെങ്കിൽ മൂന്നാമത്തെ മൂല്യനിർണയം നടത്താമെന്നും തീരുമാനിച്ചു. ഇതുപ്രകാരം സാേങ്കതിക സർവകലാശാല വൈസ് ചാൻസലർ അധ്യാപകരുടെ സമിതി നിശ്ചയിക്കുകയും പേപ്പർ വീണ്ടും മൂല്യനിർണയം നടത്തുകയുമായിരുന്നു. ഇതിെൻറ ഫലം പുറത്തുവന്നപ്പോൾ വിദ്യാർഥി ജയിച്ചു. ആദ്യ മൂല്യനിർണയങ്ങളിലെ പിഴവാണ് തോൽക്കാൻ കാരണമായത്. മൂല്യനിർണയത്തിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദ്യാർഥിക്ക് അർഹമായ വിജയം ഉറപ്പുവരുത്താനായതിൽ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.


