എടക്കര: ജനവാസ കേന്ദ്രത്തിലെ റബർ തോട്ടത്തിൽ പാലെടുക്കുന്നതിനിടയിൽ കാട്ടാനക്കൂട്ടത്തിന്റെ മുൻപിലകപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ടു, പുലർച്ചെയെത്തിയ കാട്ടാനകൾ രാത്രിവരെ നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി. വനം വകുപ്പും പോലീസും, നാട്ടുകാരും ചേർന്ന് ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനകൾ കാട് കയറിയത് രാത്രിയോടെ. നല്ലംതണ്ണി പുതിയങ്ങാടിയിലെ കണ്ണംകല്ലേൽ സണ്ണിയാണ്(48) തോട്ടത്തിൽ റബർ പാലെടുക്കുന്നതിനിടയിൽ കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ രാവിലെ എട്ട് മണിയോടെ പാതിരിപ്പാടം സെന്റ് മേരീസ് ചർച്ചിന്റെ പൊട്ടൻതരിപ്പയിലുള്ള ഗ്രോട്ടോയുടെ സമീപമാണ് സംഭവം നടന്നത്. കരിയംമുരിയം വനത്തിൽ നിന്നുമിറങ്ങിയ കാട്ടാനകൾ ഉണിച്ചന്തം താമരക്കുളം വഴി പൊട്ടൻതരിപ്പയിലെത്തുകയായിരുന്നു. പുലർച്ചെ നാല് മണിക്കാണ് സണ്ണി തോട്ടത്തിൽ ടാപ്പിംഗിനെത്തിയത്.
ഈ സമയം ആനകളുടെ കാൽപ്പാട് തോട്ടത്തിൽ കണ്ടിരുന്നു. ആനകൾ മടങ്ങിപ്പോയിട്ടുണ്ടാകുമെന്ന ധാരണയിൽ ടാപ്പിംഗ് നടത്തി. നേരം പുലർന്ന് എട്ട് മണിയോടെ പാലെടുക്കുന്പോൾ തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിന്റെ മുൻപിലകപ്പെടുകയായിരുന്നു. ഭയചകിതനായ സണ്ണി അലറിവിളിച്ച് ആനകളുടെ മുൻപിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. ഓടുന്നതിനിടയിൽ വീണ് ഇയാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ആനകളെ കണ്ട വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ കൂട്ടമായി സ്ഥലത്തെത്തി. വിവരമറിഞ്ഞ് പോത്തുകൽ എസ്ഐ കെ.എ.അബ്ബാസിന്റെ നേതൃത്വത്തിൽ പോലീസും, കുനിപ്പാല ഡെപ്യൂട്ടി റേഞ്ചർ സലീമിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോണ്‍സ്ഡ് ടീമടക്കമുള്ള വനം ജീവനക്കാരും സ്ഥലത്തെത്തി.
ഇതോടെ തോട്ടത്തിന്റെ സമീപമുള്ള വിശാലമായ കാട് മൂടിക്കിടക്കുന്ന സ്ഥലത്തേക്ക് ആനകൾ ചേക്കേറി. ആനകളെ ഓടിക്കാൻ രാവിലെ ഒൻപതര തെട്ട് ജീവനക്കാർ ശ്രമം ആരംഭിച്ചു. റബർ ബുള്ളറ്റ് ഉപയോഗിച്ച് നിരവധി തവണ വെടിയുതിർക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തെങ്കിലും ആനകൾ കുറ്റിക്കാട്ടിൽ പുറത്തിറങ്ങാൻ കൂട്ടാക്കാതെ തൊട്ടടുത്ത കാടുകളിലേക്ക് മാറിമാറി നിന്നു. എല്ലാ ഭാഗത്തും കാഴ്ചക്കാരെത്തിയതോടെ പോലീസിന്റെയും, വനംവകുപ്പിന്റെയും ശ്രമങ്ങൾ പരാജയപ്പെട്ടു.
കാഴ്ചക്കാരായി എത്തിയവർ ആനകളെ കല്ലെറിയുകവരെ ചെയ്തിരുന്നു. പതിനൊന്ന് മണിയോടെ കുറ്റിക്കാട് വിട്ടിറങ്ങിയ കാട്ടാനകൾ അരകിലോമറ്റീർ അകലയുള്ള മണക്കാട് ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിലെ കുറ്റിക്കാട്ടിൽ കയറിക്കൂടി. ഇവിടെനിന്നും തുരത്തിയപ്പോൾ വീണ്ടും പഴയസ്ഥലത്തേക്ക് ഇവയയെത്തി. കാഴ്ചക്കാരുടെ ശല്ല്യംമൂലം പന്ത്രണ്ട് മണിയോടെ ജീവനക്കാർ തുരത്തൽ പരിപാടി നിർത്തിവച്ചു. പിന്നീട് മൂന്നൊടെ വീണ്ടും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ച് ആനകളെ കാട് കയറ്റാൻ ശ്രമം തുടങ്ങി.
എന്നാൽ ആനകൾ കുറ്റിക്കാട്ടിനുള്ളിൽ മാറിമാറി നിലയുറപ്പിച്ചു. വൈകിട്ട് ആറോടെ ആനകൾ കാട്ടിലേക്ക് മടങ്ങുന്ന താമരക്കുളം, മണക്കാട്, ഉദിരകുളം, ഉണിച്ചന്തം പ്രദേശങ്ങളിലെ ആളുകൾക്ക് ജീവനക്കാർ മൈക്ക് അനൗണ്‍സ്മെന്റ് വഴി മുന്നറിയിപ്പ് നൽകി. ആനകൾ വരാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന നിർദ്ദേശമാണ് ആളുകൾക്ക് നൽകിയത്. ഇരുട്ട് പരന്നതോടെ റബർ ബുള്ളറ്റ് ഉപയോഗിച്ച് ഉപയോഗിച്ച് ആർആർടി സംഘം വെടിയുതിർത്തതോടെ ആനകൾ കുറ്റിക്കാട് വിട്ട് പുറത്തിറങ്ങി വനത്തിലേക്ക് നീങ്ങുകയായിരുന്നു. മൂന്ന് കൊന്പന്മാരടങ്ങിയ കൂട്ടമാണ് പുലർച്ചെമുതൽ നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഒന്നരവർഷം മുൻപ് ഇതേ സ്ഥലത്തെത്തിയ കാട്ടാനക്കൂട്ടത്തിലെ രണ്ടെണ്ണം നേരം പുലർന്ന് ചുങ്കത്തറ ടൗണിലൂടെ എടമല വരെയെത്തിയിരുന്നു. വനംവകുപ്പ് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി ചുങ്കത്തറ ടൗണിലൂടെത്തന്നെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇവ കരിയംമുരിയം വനത്തിലെത്തുകയായിരുന്നു.
ഇതിനിടയിൽ സണ്ണിയോടാണ് വനം ഉദ്യോസ്ഥൻ മോശമായി പെരുമാറിതായി അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനോട് സണ്ണി വിവരം പറഞ്ഞു. കാട്ടാനകൾ സ്ഥരമായി പ്രദേശത്ത് എത്തുന്നുണ്ടെന്നും, ഇത് തടയാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. എന്നാൽ ആനയെ നോക്കുന്ന പണിയല്ല തനിക്കെന്നും നാട്ടുകാർക്ക് വേണമെങ്കിൽ നോക്കണമെന്നുമാണ് ഉദ്യോഗസ്ഥൻ ഇയാളോട് പറഞ്ഞതത്രെ. ഇതേത്തുടർന്ന് ഇവർ തമ്മിൽ അൽപനേരം വാക്കേറ്റമുണ്ടായി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !