മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ നടപടിയെടുത്തിട്ടുണ്ട്. കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്‍ മലയാളഭാഷാ പഠന നിയമം പാസ്സാക്കിയത് അതിനുദാഹരണമാണ്.
കേരളത്തില്‍ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപങ്ങളിലും ഭരണഭാഷ മലയാളമാണ്. എന്നാല്‍, കേരള സര്‍ക്കാര്‍ ഇംഗ്ലീഷിനോ ന്യൂനപക്ഷ
ഭാഷകള്‍ക്കോ എതിരല്ല. ഇതര ഭാഷക്കാരുമായുള്ള വിനിമയത്തിലും നിയമപരമായി ഇംഗ്ലീഷ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്. തമിഴ്, കന്നഡ ന്യൂനപക്ഷഭാഷകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവയും ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ.
മലയാളം സ്കൂളുകളില്‍ നിര്‍ബന്ധമാക്കിയതും ക്ലാസില്‍ മലയാളം പറഞ്ഞാല്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന അവസ്ഥയ്ക്ക് അറുതിവരുത്തിയതും ഈ സര്‍ക്കാരാണ്. ഏതു ഭാഷ പഠിക്കുന്നതിനും നമ്മള്‍ എതിരല്ല. എന്നാല്‍, അത് മലയാളഭാഷയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാകരുത്. ഈ ഒരു നിഷ്കര്‍ഷ സര്‍ക്കാരിനുണ്ട്.
അതുകൊണ്ടുതന്നെ ഭരണഭാഷ മുതല്‍ കോടതി ഭാഷ വരെ തീര്‍ത്തും മലയാളമാകേണ്ടതുണ്ട്. വലിയൊരു സാംസ്കാരികചരിത്രം ഉള്‍ക്കൊള്ളുന്ന ഭാഷയാണ് മലയാളം. ഏറെ അഭിമാനിക്കാന്‍ വകതരുന്ന ഒന്നാണത്. ചിന്തിക്കാനും സ്വപ്നം കാണാനും നമുക്ക് സഹായകരമാകുന്ന ഭാഷ. ആ ഭാഷ മാറ്റിവെച്ചുകൊണ്ടാവരുത് ഇതര ഭാഷകളുടെ പഠനം.
കേരളത്തിലെ പി.എസ്.സി നടത്തുന്ന കെ.എ.എസ് ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യ പേപ്പര്‍ നല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചു. പി.എസ്.സി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം എടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
ബിരുദം വരെ യോഗ്യത ഉള്ള തസ്തികകളിലേക്ക് ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ നല്‍കി മലയാളത്തിലും എഴുതാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇതുപോലെ പരീക്ഷകള്‍ മലയാളത്തില്‍ എഴുതുന്നതിനുള്ള സംവിധാനം ഇപ്പോള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. ചോദ്യ പേപ്പര്‍ മലയാളത്തില്‍ ലഭിക്കുന്നില്ല എന്ന പ്രശ്നമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത് പരിഹരിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ന്യൂനഭാഷകളായ കന്നടയിലും തമിഴിലും കൂടി ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിനുള്ള നടപടിയും ഭാവിയില്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ പ്ലസ്ടു വരെ അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെയാണ് ചോദ്യപേപ്പര്‍ നല്‍കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളില്‍ 90 ശതമാനത്തോളം വരും. ബാക്കിവരുന്ന പരീക്ഷകള്‍ക്ക് കൂടി അത്തരത്തില്‍ ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. അത് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ പി.എസ്.സി പരിഗണിക്കുമെന്നതാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇക്കാര്യം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
ചില പ്രശ്നങ്ങള്‍
ഇങ്ങനെ തീരുമാനിക്കുമ്പോള്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സാങ്കേതികപദങ്ങളിലൂന്നിയ പരീക്ഷകളുടെ പ്രശ്നം ഉയര്‍ന്നുവരും. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു ഉന്നതല സമിതിയെ നിയോഗിക്കും.
മലയാളത്തില്‍ സാങ്കിതക പദങ്ങള്‍ ലഭ്യമല്ല എന്ന പ്രശ്നമാണ് ഉയര്‍ന്നുവരുന്നത്. ഇത് പരിഹരിക്കുന്നതിന് വിവിധ വിഷയങ്ങളില്‍ മലയാളത്തില്‍ ഒരു സാങ്കേതിക വിജ്ഞാനഭാഷ നിഘണ്ടു തയ്യാറാക്കും. ഇതിനായി ഒരു സമിതിയെ നിയോഗിക്കും. ഒരോ വകുപ്പിനും വിഷയങ്ങള്‍ക്ക് സമാനമായ സാങ്കേതിക പദങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിഘണ്ടുവായിരിക്കും തയ്യാറാക്കുക. വൈസ് ചാന്‍സിലര്‍മാരുടെ സേവനവും ഇക്കാര്യത്തില്‍ ഉപയോഗിക്കും.
പാലാരിവട്ടം പാലം
പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ശ്രീ. ഇ ശ്രീധരനുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. പാലത്തിന് ബലക്ഷയമുണ്ടായ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നു പഠിക്കാന്‍ ചെന്നൈ ഐഐടിയിലെ വിദഗ്ധരെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീധരനുമായി സംസാരിച്ചത്.
തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെക്കുറിച്ച് ഐഐടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്ത പ്രശ്നമുണ്ട്. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുള്ളതിനാല്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്നാണ് ശ്രീധരന്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സ്ഥായിയായ പരിഹാരമാണ് വേണ്ടത്. അതായത് പാലം പുതുക്കിപ്പണിയണം.
ഇതു കണക്കിലെടുത്ത് പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ പുനര്‍നിര്‍മാണം സാങ്കേതികമികവുള്ള ഏജന്‍സിയെ ഏല്‍പിക്കും. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയുണ്ടാവും. ഇതിന്‍റെയെല്ലാം പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ തന്നെ നിര്‍വഹിക്കും. പാലത്തിന്‍റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയെല്ലാം ഇ ശ്രീധരന്‍ തന്നെ തയ്യാറാക്കും. സമയബന്ധിതമായി പാലം പുതുക്കിപ്പണിയാനാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം തന്നെ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് കൂടുതല്‍ ഉചിതവും പ്രായോഗികവുമെന്നാണ് ചര്‍ച്ചയില്‍ വിലയിരുത്തിയത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
മാലദ്വീപുമായി കരാര്‍
ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്‍ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാര്‍ ഒപ്പിട്ടു.
മാലദ്വീപും കേരളവുമായുള്ള ബന്ധം വളരെ ശക്തമാണ്. നിരവധി പേരാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. മാലദ്വീപ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് കാന്‍സര്‍ ചികിത്സാരംഗത്ത് കേരളം സഹായിക്കുന്നത്. കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള റീജിയണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്‍റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാന്‍സര്‍ ചികിത്സാ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.


