കോഴിക്കോട് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച അരക്കോടി രൂപയുടെ 1.467 കിലോഗ്രാം സ്വർണം കസ്റ്റംസ് കണ്ടെടുത്തു. ഇമിഗ്രേഷൻ കൗണ്ടറിനു സമീപത്തെ ശുചിമുറിയിൽനിന്നാണു സ്വർണം ലഭിച്ചത്. ക്ലോസറ്റിനോടു ചേർന്നു ചുമരിൽ സ്ഥാപിച്ച ഫ്ലഷ് ടാങ്കിന്റെ അടപ്പ് എടുത്തു മാറ്റിയാണ് സ്വർണം ഒളിപ്പിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
4 സ്വർണക്കട്ടികളാണു കണ്ടെടുത്തത്. വിമാനത്താവളത്തിലെ ജീവനക്കാരുടെയോ മറ്റോ സഹായത്തോടെ സ്വർണം വിമാനത്താവളത്തിനു പുറത്തുകടത്താമെന്ന ഉദ്ദേശ്യത്തോടെ ഒളിപ്പിച്ചതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഈ ഭാഗത്തു ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. സ്വർണം ഒളിപ്പിച്ച യാത്രക്കാരനെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്.


