കോട്ടയ്ക്കൽ : ആയുർവേദ ചികിത്സാപാരമ്പര്യത്തെ പുതിയ കാലത്തോടൊപ്പം കൂട്ടിയ പി.എസ്.വാരിയരുടെ 150–ാം ജന്മവാർഷികത്തിന്റെ നിറവിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല. വൈദ്യശാസ്ത്രരംഗത്തിനപ്പുറം കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ പി.എസ്.വാരിയരുടെ സംഭാവനകൾക്കുള്ള ആദരമായി, ഇന്നലെ ആര്യവൈദ്യശാലാ ഒപി സ്ക്വയറിൽ നടന്ന ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം.
ഒപ്പം, ആര്യവൈദ്യശാലയെ ഇപ്പോൾ നയിക്കുന്ന പി.കെ.വാരിയർ ഉൾപ്പെടെയുള്ളവർക്കുള്ള സ്നേഹാഭിവാദ്യവും. പരിപാടികൾ ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്യവൈദ്യശാലയിലെ അദ്ദേഹത്തിന്റെ സന്ദർശനത്തെക്കുറിച്ചും ആയുർവേദത്തെ ജീവിതത്തിന്റെ ശാസ്ത്രമായി കണ്ട പി. എസ്.വാരിയരെക്കുറിച്ചും അനുസ്മരിച്ചു. കേരളത്തിന്റെ ആയുർവേദ പൈതൃകത്തിൽ അതുല്യസ്ഥാനമുള്ള മഹാവൈദ്യനാണ് പി. എസ്.വാരിയരെന്ന് അധ്യക്ഷത വഹിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ചികിത്സാ പഠനത്തിന് സംവിധാനങ്ങളൊരുക്കുന്നതിനൊപ്പം ഔഷധഗവേഷണം, ഔഷധനിർമാണം, അക്കാദമിക് പ്രസാധനം തുടങ്ങിയ മേഖലകളിലെല്ലാം ആര്യവൈദ്യശാല നൽകിയ സംഭാവനകൾ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ട്രസ്റ്റി പി.കെ.വാരിയരുടെയും ചീഫ് ഫിസിഷ്യൻ പി.എം.വാരിയരുടെയും നേതൃത്വത്തിൽ ഗവർണറെയും ഉപരാഷ്ട്രപതിയെയും മറ്റ് അതിഥികളെയും സ്വീകരിച്ചു. രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി റോഡ് മാർഗമാണ് കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സമ്മേളനവേദിയിലെത്തിയത്. പരിപാടി കഴിഞ്ഞ് അതേ വഴിക്കു മടങ്ങി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !