നാടുകാണിയിൽ പാറ പൊട്ടിക്കലിന് പുതിയ പരീക്ഷണം; ജനറേറ്റർ ഉപയോഗിച്ചുള്ള വൈദ്യുത റിലേ സ്‌ഫോടനം വിജയം കണ്ടതോടെ അന്തർ സംസ്ഥാന പാതയിൽ ഉടൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിൽ അധികൃതർ.
രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള പാറ പൊട്ടിക്കലിന് വേണ്ടത്ര വേഗം കൈവരിക്കാൻ സാധിക്കാതിരുന്നതോടെയാണ് റോഡിലേക്ക് പതിച്ച കൂറ്റൻ പാറകൾ നീക്കാൻ കഴിഞ്ഞ ദിവസം പുതിയ സംവിധാനം അധികൃതർ ഒരുക്കിയത്. ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതിയിലൂടെ റിലേ സ്ഫോടനമാണ് നടത്തിയത്.
ഇതോടെ കൂറ്റൻ പാറക്കെട്ടുകൾ ഛിന്നഭിന്നമായി. കാതടപ്പിക്കുന്ന ശബ്ദമോ ഭൂമിക്ക് കുലുക്കമോയില്ല എന്നതാണ് പുതിയ പാറ പൊട്ടിക്കലിന്റെ പ്രത്യേകത. കനത്ത മഴയെ തുടർന്ന് പാറക്കെട്ടുകൾ നിരത്തിലേക്ക് പതിച്ച നാടുകാണി ചുരം പാതയിൽ ഒരു മാസത്തിലധികമായി ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. രണ്ടാഴ്ചയോളമായി തേൻപാറ, തകരപ്പാടി എന്നിവിടങ്ങളിൽ രാസപദാർഥങ്ങൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നുണ്ട്. എന്നാൽ പ്രതീക്ഷിച്ച വേഗമില്ല. ഇതിനിടെ ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ മടിക്കുന്നു എന്ന പരാതിയും വ്യാപകമായതോടെയാണ് ആധുനിക പാറപൊട്ടിക്കൽ സംവിധാനം ഉപയോഗപ്പെടുത്താൻ സർക്കാർ നിർദേശിച്ചത്. കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പുതിയ സംവിധാനം എത്തിച്ചത്. പൊട്ടിച്ചുനീക്കിയ പാറക്കഷ്‌ണങ്ങളും മണ്ണും ജെസിബി ഉപയോഗിച്ച് നീക്കുന്ന പണി വേഗത്തിലാക്കിയിട്ടുണ്ട്. പൂർണതോതിലുള്ള ഗതാഗതത്തിന് ഇനിയും സമയമെടുക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി എൻജിനിയർ രാജീവ് പറഞ്ഞു.
സന്ദർശകർ പണിക്ക് തടസ്സം; ജാറത്തിനു സമീപം നിരോധം
യാത്രക്കാരും ചുരം സന്ദർശകരും പണിക്ക് തടസ്സമുണ്ടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് മരാമത്ത് അധികൃതർ ചുരത്തിലെ ജാറത്തിനുസമീപം ഗതാഗതം നിരോധിച്ചു.
ഇക്കാര്യമറിയിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പാരലൽ സർവീസ് നടത്തുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഇത്തരക്കാരിൽനിന്ന് പിഴ ഈടാക്കുമെന്നും പൊലീസും വനം അധികൃതരും അറിയിച്ചു.

